തൊഴിൽ മേഖലയിലെ കോവിഡ് പ്രതിസന്ധി മറികടക്കാൻ സാധിച്ചു –മന്ത്രി
text_fieldsമനാമ: കോവിഡ് മൂലം തൊഴിൽ മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ബഹ്റൈന് സാധ്യമായതായി തൊഴിൽ-സാമൂഹികക്ഷേമകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. ഈജിപ്തിൽ സംഘടിപ്പിച്ച അറബ് തൊഴിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിസന്ധി വിവിധ മേഖലകളെ ബാധിക്കുന്നതിൽനിന്ന് തടയാൻ പ്രതിരോധസമിതികളുടെ പ്രവർത്തനം വളരെ ശക്തമായിരുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നയനിലപാടുകളും കാഴ്ചപ്പാടുകളും ഇതിന് ഏറെ സഹായകമായിട്ടുണ്ട്. സാമ്പത്തിക ഉത്തേജന പാക്കേജ് അടക്കമുള്ളവ പ്രഖ്യാപിക്കുകയും വായ്പകൾ തിരിച്ചടക്കുന്നതിന് കാലാവധി നീട്ടി നൽകുകയും ചെയ്ത് സാമ്പത്തിക മേഖലയിലെ പ്രതിസന്ധി ലഘൂകരിക്കാൻ സഹായിച്ചു. തൊഴിൽ വിപണി സംരക്ഷിക്കുന്നതിനും തൊഴിൽ ശക്തിയുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഇതുപകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ രംഗത്തിറക്കുന്നതിനും പദ്ധതികൾ തയാറാക്കുകയും അവ ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. തംകീൻ തൊഴിൽ ഫണ്ട് വഴി സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുകയുണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.