മന്ത്രിസഭ യോഗം: സ്കൂളുകളിലെ കാബിനുകള്‍ ക്ലാസ് മുറികളാക്കുന്നത് ഒഴിവാക്കും
text_fieldsമനാമ: സ്കൂളുകളിലെ കാബിനുകള്‍ ക്ലാസ് മുറികളായി ഉപയോഗിക്കുന്നത് ഒഴിവാക്കുകയും പകരം അക്കാദമിക നിലവാരം പുലര്‍ത്തുന്ന സ്ഥിരം കെട്ടിടങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ കാബിനറ്റ് ചുമതലപ്പെടുത്തി. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ സൗദി സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ പരസ്പര സന്ദര്‍ശനങ്ങള്‍ നിമിത്തമാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സല്മാന് രാജാവുമായുള്ള കൂടിക്കാഴ്ചയും ചര്‍ച്ചയും ബഹ്റൈന്‍ കൂടുതല്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്.
ഖലീഫ സിറ്റിയിലെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്കി. സ്കൂള്‍, മാര്‍ക്കറ്റ് എന്നിവ സ്ഥാപിക്കുന്നതിന് പഠനങ്ങള്‍ നടത്താനും നിര്‍ദേശിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യല്‍ ആൻഡ് ലീഗല്‍ സ്റ്റഡീസില്‍ നിന്നും കഴിവുറ്റവരെ വളര്‍ത്തിയെടുക്കാൻ ശ്രമം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. നീതിന്യായ -ഇസ്ലാമിക കാര്യ -ഒൗഖാഫ് മന്ത്രാലയത്തിലെ ബിരുദധാരികളുടെ എണ്ണം വര്‍ധിപ്പിക്കാനും തൊഴില്‍ വിപണിയിലെ ആവശ്യം കണക്കിലെടുത്ത് പരിശീലനം പൂര്‍ത്തിയാക്കിയവരെ അനുയോജ്യ മേഖലകളില്‍ റിക്രൂട്ട്മെൻറ് നടത്താനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. സ്കൂളുകളിലെ കെട്ടിട സൗകര്യങ്ങള്‍ കായിക മേഖലക്ക് അനുഗുണമാകുന്ന രൂപത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള നിര്‍ദേശവും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിന് മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. ഈ വര്‍ഷം ആദ്യ ആറുമാസത്തില്‍ തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം നടത്തിയ തൊഴില്‍ ദാന മേളയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കാബിനറ്റ് ചര്‍ച്ച ചെയ്തു.
നാല് തൊഴില്‍ ദാന മേളകളിലൂടെ 1225 തൊഴിലന്വേഷകരെ റിക്രൂട്ട് ചെയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊഴിലന്വേഷകരായ 11,500 പേരില്‍ നിന്നും 11 ശതമാനം പേര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചിട്ടുണ്ട്. മൊത്തം 2600 അവസരങ്ങളാണ് തൊഴില്‍ ദാന മേളകളിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ വെച്ചത്്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലുള്ള തൊഴില്‍ ദാന മേളകള്‍ സംഘടിപ്പിക്കുന്നതിന് നീക്കമുള്ളതായും തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ക്ലബുകളുടെ പ്രവര്‍ത്തനം യുവജന കായിക മന്ത്രാലയം ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടാത്തവയാണെന്ന് കണ്ടെത്തിയതിനാല്‍ അവയുടെ പ്രവര്‍ത്തനം പ്രസ്തുത മന്ത്രാലയത്തില്‍ നിന്ന് വേര്‍പെടുത്തുന്നതിനുള്ള നിര്‍ദേശം കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ മന്ത്രിതല സമിതി ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.