മനാമ ഡയലോഗ് 2024ന് തുടക്കം
text_fieldsമനാമ: ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) റീജനൽ സെക്യൂരിറ്റി ഉച്ചകോടി 20ാം പതിപ്പ് മനാമ ഡയലോഗ് 2024ന് തുടക്കമായി. ബഹ്റൈനിലെ റിറ്റ്സ് -കാൾട്ടണിൽ തുടങ്ങിയ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി മുഖ്യ പ്രഭാഷകനായിരുന്നു. 50ലധികം രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രജ്ഞർ, സുരക്ഷ വിദഗ്ധർ, ജിയോപൊളിറ്റിക്കൽ വിദഗ്ധർ എന്നിവരുൾപ്പെടെ 500ലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളുടെ അഭിവൃദ്ധിയും സുരക്ഷയുമുൾപ്പെടെയുള്ള വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, യു.എ.ഇ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് അടക്കം പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ആണവ വ്യാപനമുണ്ടാക്കുന്ന വെല്ലുവിളി അടക്കം ഉച്ചകോടിയിൽ ഏഴ് പ്ലീനറി സെഷനുകൾ സ്ഥിരീകരിച്ചതായി സംഘാടകർ പറഞ്ഞു. ആദ്യ നാലെണ്ണം ശനിയാഴ്ചയും ബാക്കി മൂന്നെണ്ണം ഞായറാഴ്ചയും നടക്കും. ശനിയാഴ്ച നടക്കുന്ന ആദ്യ പ്ലീനറി സെഷൻ ‘20 ഇയർ ഓഫ് ഡയലോഗ്’ ആയിരിക്കും.
‘സംഘർഷത്തോടുള്ള രാഷ്ട്രീയവും സൈനികവുമായ പ്രതികരണങ്ങൾ’, ‘പ്രാദേശിക സമാധാനത്തിനായുള്ള അറബ് സംരംഭങ്ങൾ’, ‘മിഡിൽ ഈസ്റ്റ് സെക്യൂരിറ്റിയിലേക്കുള്ള അന്താരാഷ്ട്ര സമീപനങ്ങൾ’ എന്നിവയിൽ ചർച്ച നടക്കും.
ആദ്യ മനാമ ഡയലോഗ് നടന്നതിന്റെ 20ാം വാർഷികമാണിത്. കഴിഞ്ഞ വർഷത്തെ മനാമ ഡയലോഗ് 75 ദശലക്ഷത്തിലധികം ആളുകൾ കണ്ടതായാണ് കണക്കുകൾ. കഴിഞ്ഞവർഷം മുഖ്യ പ്രഭാഷണം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് നിർവഹിച്ചത്. 56 രാജ്യങ്ങളിൽനിന്നുള്ള 568 പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.