മനാമ തീപിടിത്തം; എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷ പരിശോധിക്കണമെന്ന് എം.പിമാർ
text_fieldsമനാമ: ബുധനാഴ്ച ഓൾഡ് മനാമ സൂഖിലുണ്ടായ വൻ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ എല്ലാ കെട്ടിടങ്ങളും കർശന പരിശോധനകൾക്ക് വിധേയമാക്കണമെന്ന് എം.പിമാർ. മനാമ, മുഹറഖ്, ഇസ ടൗൺ, ഹമദ് ടൗൺ, റിഫ തുടങ്ങിയ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ എല്ലാ കെട്ടിടങ്ങളും ഉടനടി പരിശോധിക്കണമെന്ന് എം.പിമാരുടെ സ്ട്രറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്റ് അഹമ്മദ് അൽ സലൂം പറഞ്ഞു.
തകരാറുള്ള കേബിളുകളോ വയറിങ്ങുകളോ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനു കാരണമാകാം. മനാമയിലെ തീപിടിത്തത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
അറുപതോളം കടകൾ നശിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാർച്ചിൽ സിത്രയിലെ ഒരു വീട് കത്തിനശിച്ച് രണ്ട് വയോധികർ മരിച്ചിരുന്നു. കഴിഞ്ഞ മാസം ഹമദ് ടൗണിലെ സോഷ്യൽ ഹൗസിങ് അപ്പാർട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാലംഗ കുടുംബം മരിച്ചു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് മിക്കയിടത്തും തീപിടിത്തത്തിന് കാരണമാകുന്നത്. പഴയ വയറിങ്ങുകൾ മാറ്റേണ്ടതിന്റെ ആവശ്യകതയുണ്ട്.
മനാമയുടെ വികസന പദ്ധതികൾ അടുത്ത വർഷം തുടങ്ങാനിരിക്കുകയായിരുന്നു. എന്നാൽ, തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ അത് ഈ വർഷം തന്നെയാക്കണമെന്നാണ് ബഹ്റൈൻ ചേംബർ അംഗം അൽസലൂമിന്റെ നിലപാട്. നിയമവിരുദ്ധ തൊഴിലാളികളെയും അസാധുവായ സി.ആറും മാത്രമല്ല കെട്ടിടങ്ങൾ സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നുകൂടി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.