മനാമ തീപിടിത്തം: മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി, നിരവധി കടകൾ കത്തിനശിച്ചു
text_fieldsമനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ചരിത്രപ്രശസ്തമായ ഓൾഡ് മനാമ മാർക്കറ്റിലെ തീപിടിത്തത്തിലുണ്ടായത് കനത്ത നാശനഷ്ടം. തീപിടിച്ച കെട്ടിടങ്ങളിൽനിന്ന് മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശൈഖ് അബ്ദുല്ല റോഡിലെ േബ്ലാക്ക് 432ൽ സിറ്റി മാക്സ് ഷോപ്പിന് പിറകിലുള്ള ഷോപ്പുകൾക്കാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്. തീപിടിത്തമണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീപിടിത്തത്തിൽ പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
തീ പിടിച്ച കെട്ടിടത്തിൽ നിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമാണ് ചികിത്സയിലുള്ളത്. ആളിപ്പടർന്ന തീ അടുത്തടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് പടരുകയായിരുന്നു. വസ്ത്ര ഷോപ്പുകളും ചെരിപ്പു കടകളും പെർഫ്യും ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് സൂഖിൽ അടുത്തടുത്തായി പ്രവർത്തിക്കുന്നത്.
പല കടകളും പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് ഉടനടി സ്ഥലത്തെത്തി തീയണക്കാനുള്ള തീവ്രശ്രമം നടത്തുകയായിരുന്നു. പുലർച്ചയോടെയാണ് തീ പൂർണമായും അണക്കാൻ സാധിച്ചത്. സിവിൽ ഡിഫൻസും പൊലീസ് അധികൃതരും സമീപ പ്രദേശങ്ങളിലുള്ള ആളുകളെ ഒഴിപ്പിക്കുകയും റോഡുകൾ േബ്ലാക്ക് ചെയ്യുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.