മനാമ ഇനി ഗൾഫ് ടൂറിസം തലസ്ഥാനം
text_fieldsമനാമ: ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യംവെച്ച് നിരവധി ഇന്റർ-ജി.സി.സി ടൂറിസം പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു. മനാമയെ 2024ലെ ഗൾഫ് ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഈ വർഷത്തെ ടൂറിസം, വിനോദപരിപാടികളുടെ കലണ്ടർ പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി.
ടൂറിസം മന്ത്രാലയവും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും (ബി.ടി.ഇ.എ) ചേർന്ന് വിപുലമായ പരിപാടികളാണ് ‘റമദാൻ ഇൻ ബഹ്റൈൻ’ എന്ന തലക്കെട്ടിൽ റമദാൻ മാസത്തിൽ സന്ദർശകർക്കായി ഒരുക്കുന്നത്.
മനാമ നൈറ്റ്സിന്റെ ഭാഗമായി നാഷനൽ തിയറ്റർ പരിസരത്ത് ഔട്ട്ഡോർ ഫെസ്റ്റിവൽ തുടങ്ങി. റമദാൻ അവസാനം വരെ എല്ലാ ദിവസവും ഇത് നടക്കും. ഭക്ഷണ സ്റ്റാളുകൾ, മറ്റ് ബിസിനസുകൾ എന്നിവയുണ്ടാകും. തത്സമയ സംഗീതം ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഒമാനിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിലാണ് 2024ലെ ഗൾഫ് ടൂറിസം തലസ്ഥാനമായി മനാമയെ തെരഞ്ഞെടുത്തത്. മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഈ വർഷം വിപുലമായ പരിപാടികളിലൂടെ ബഹ്റൈനെ ആഗോള ടൂറിസം ലക്ഷ്യസ്ഥാനമായി മാറ്റിത്തീർക്കാനാണ് പദ്ധതിയെന്നും ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടിവ് സാറാ ബുഹിജ്ജി പറഞ്ഞു. വിദേശ വിനോദസഞ്ചാരികൾക്ക് ബഹ്റൈനിലും അയൽരാജ്യങ്ങളിലും പ്രത്യേകമായി പോകുന്നതിന് പകരം എല്ലാ ജി.സി.സികളെയും ഉൾക്കൊള്ളുന്ന പാക്കേജായി പോകാൻ സാധിക്കും. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ പറ്റുന്ന വിധത്തിലുള്ള നൂതന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഡയറക്ടർ ഓഫ് ബിസിനസ് ആൻഡ് ലൈസൻസിങ് (ടൂറിസം) മജീദ് അൽ മാജിദ് പറഞ്ഞു.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് ഈ പാക്കേജുകൾ നടപ്പാക്കുന്നത്. റമദാനിൽ ഇഫ്താർ പാക്കേജുകളുടെയും ഹോട്ടൽ ഓഫറുകളുടെയും വ്യത്യസ്ത അനുഭവം മനാമ നൈറ്റ്സിൽ ആസ്വദിക്കാൻ കഴിയും. എല്ലാ ദിവസവും രാത്രി എട്ടു മുതൽ പ്രവർത്തനമാരംഭിക്കുകയും പ്രവൃത്തിദിവസങ്ങളിൽ അർധരാത്രി വരെയും വാരാന്ത്യങ്ങളിൽ പുലർച്ച ഒന്നു വരെയും പരിപാടികൾ ആസ്വദിക്കാൻ കഴിയും. മനാമക്ക് പുറമെ മുഹറഖ്, നോർത്തേൺ, സതേൺ മുനിസിപ്പാലിറ്റികളിലും പരിപാടികളുണ്ടാകും.
സൂഖ് അൽ ബറാഹ, ബുദയ്യ ബൊട്ടാണിക്കൽ ഗാർഡൻസ്, ബഹ്റൈൻ ഹാർബർ, വിവിധ ഷോപ്പിങ് സെന്ററുകൾ എന്നിവയിലും ‘റമദാൻ ഇൻ ബഹ്റൈനിന്റെ’ ഭാഗമായി പരിപാടികൾ നടക്കും.
ലോകമെമ്പാടുമുള്ള സന്ദർശകർക്ക് മുൻനിര ഹോട്ടലുകളിലും റിസോർട്ടുകളിലും ആഡംബരപൂർണമായ താമസം ആസ്വദിക്കാൻ അവസരമുണ്ട്. ‘റമദാൻ ഇൻ ബഹ്റൈൻ’ ഇവന്റുകളെയും സമയങ്ങളെയും കുറിച്ച കൂടുതൽ വിവരങ്ങൾക്ക് calendar.bh അല്ലെങ്കിൽ @calendar.bh എന്നിവ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.