കനലണയാതെ മനാമ സൂഖ്
text_fieldsമനാമ: ചരിത്രമുറങ്ങുന്ന വ്യാപാരകേന്ദ്രത്തിന്റെ ഹൃദയഭാഗത്തെ നക്കിത്തുടച്ച തീജ്വാലകൾ അണഞ്ഞിട്ട് പത്തിലധികം ദിവസങ്ങൾ പിന്നിടുമ്പോഴും ജീവിതോപാധി നഷ്ടമായവരുടെ മനസ്സിലെ കനൽ അണയുന്നില്ല. മൂന്നു ജീവനുകളാണ് തീപിടിത്തത്തിൽ നഷ്ടമായത്. വർഷങ്ങളുടെ അധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ സമ്പാദ്യവും ഏറെപ്പേർക്കും നഷ്ടമായി. കടകളിലെ സാധനങ്ങൾ പൂർണമായും നശിച്ചവരുണ്ട്. കടകളിൽ സൂക്ഷിച്ചുവെച്ചിരുന്ന പണം, വസ്ത്രങ്ങൾ, രേഖകൾ എന്നുവേണ്ട അത്യാവശ്യമുള്ള എല്ലാ സംഗതികളും നശിച്ചു. ഉടുതുണിയല്ലാതെ മറ്റൊന്നും ശേഷിക്കാത്തവർ. കട നടത്തുന്നവർ മാത്രമല്ല, ഈ കടകളിലെ നൂറുകണക്കിനുവരുന്ന തൊഴിലാളികളും ഇരകളാണ്. പകലന്തിയില്ലാത്ത ജോലിയിലൂടെ സ്വരുക്കൂട്ടിയ സമ്പാദ്യം അഗ്നി വിഴുങ്ങുമ്പോൾ ദൂരെനിന്ന് കാണാൻ മാത്രമേ ഇവർക്ക് സാധിച്ചിരുന്നുള്ളൂ. പെരുന്നാൾ കച്ചവടം പ്രമാണിച്ച് കൂടുതൽ സ്റ്റോക്ക് പലരും കരുതിയിരുന്നു. അതെല്ലാം പോയി. നഷ്ടം കനത്തതായി. ചില്ലറ വ്യാപാരികൾക്ക് സാധനങ്ങൾ ഇറക്കിക്കൊടുത്ത മൊത്ത വ്യാപാരികളും ആശങ്കയിലാണ്. ഭാഗികമായി ചാമ്പലായ കടകളിലെ സാധനങ്ങളൊന്നും ഉപയോഗയോഗ്യമല്ല. പുകയേറ്റു നശിച്ചവയും അഗ്നിശമന പ്രവർത്തനങ്ങൾ നടന്നപ്പോൾ വെള്ളംകൊണ്ട് നശിച്ചുപോയതുമായ സാധന സാമഗ്രികൾ ഉള്ളവരും പിടയുകയാണ്.
നഷ്ടം സംഭവിച്ചവരിലേറെയും മലയാളികൾ
അമ്പതിലധികം കടകളാണ് തീപിടിത്തത്തിൽ നശിച്ചത്. ഇതിൽ പതിനാല് കടകൾ ഇന്ത്യൻ വ്യാപാരികൾ നടത്തുന്നതാണ്. ഈ കടകളെല്ലാം പൂർണമായും കത്തിനശിച്ചു. ഇവരിൽ പതിനൊന്നുപേരും മലയാളികളാണ്. അതിൽതന്നെ അധികം പേരും കോഴിക്കോട് ജില്ലക്കാർ. വടകര സ്വദേശി ഇസ്ഹാഖ് അലി നടത്തുന്ന പാദരക്ഷഷോപ്പാണ് അഗ്നിക്കിരയായ കടകളിലൊന്ന്. 25 വർഷമായി പ്രവർത്തിക്കുന്ന ഈ കടയിൽ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ സ്റ്റോക്ക് കരുതിവെച്ചിരുന്നു. മാത്രമല്ല ക്ലോസ് ചെയ്ത മറ്റൊരു ഷോപ്പിലെ സാധനങ്ങളും ഇവിടെ ഇറക്കിവെച്ചിരുന്നു. കടയുടെ മുകളിലത്തെ നില സ്റ്റോറായിരുന്നു. ഇതെല്ലാം കത്തിനശിച്ചു. 40000 ദിനാറിന്റെ സാധനങ്ങളിലൊന്നും ബാക്കിയാക്കാതെ അഗ്നി വിഴുങ്ങി. കടയിൽ സൂക്ഷിച്ചിരുന്ന 4500 ദിനാറും നഷ്ടമായതായി അദ്ദേഹം പറഞ്ഞു. ഇസ്ഹാഖ് അലിയുടെ കടയുടെ തൊട്ടടുത്തുണ്ടായിരുന്നത് വടകര സ്വദേശി ബാബുവിന്റെ റെഡിമെയ്ഡ് ഷോപ്പായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ് തിരികെവന്നതിന്റെ അടുത്ത ദിവസമാണ് അഗ്നിബാധയുണ്ടായത്. ആ കടബാധ്യത നികത്താമെന്ന പ്രതീക്ഷയും കത്തിയമർന്നു.
വടകര അഴിയൂർ സ്വദേശി കെ.കെ. അഷ്റഫ് 12 വർഷമായി സൂഖിൽ അബായ ഷോപ്പ് നടത്തുകയാണ്. കടയിലുണ്ടായിരുന്ന 8000 ദിനാറിന്റെ സാധനങ്ങൾ നശിച്ചു. ഈദ് കച്ചവടം പ്രമാണിച്ച് ഇറക്കിയിരുന്ന സ്റ്റോക്കും മുഴുവനായി കത്തി. മക്കൾ രണ്ടുപേരും പഠിക്കുകയാണ്. അവരുടെ പഠനച്ചെലവിനുള്ള മാർഗം ഇനിയെങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണെന്ന് അഷ്റഫ് പറയുന്നു.അഴിയൂർ സ്വദേശി ഷംസീർനടത്തുന്ന റെഡിമെയ്ഡ് സ്ഥാപനത്തെയും അഗ്നി പൂർണമായും വിഴുങ്ങി. 40000 ദിനാറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. 34 വർഷമായി ബഹ്റൈനിലുള്ള മാഹി അഴിയൂർ സ്വദേശി ഗഫൂർ നടത്തുന്ന റെഡിമെയ്ഡ് കടകളും കത്തിനശിച്ചു. സാദിഖ്, സമീർ, സഫ് വാൻ, അബ്ദുല്ല കെ.പി, അസ്കർ, ഖലീൽ ഇവരെല്ലാം കടകൾ പൂർണമായും കത്തി ജീവിതോപാധികൾ നഷ്ടമായവരാണ്. ഇനി പൂജ്യത്തിൽനിന്ന് തുടങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് എല്ലാവരും പറയുന്നു. കടയിലെ സാധനങ്ങൾ മാത്രമല്ല സ്ഥിര ആസ്തികളും നശിച്ചു. ഇന്റീരിയർ സാധനങ്ങൾ, എ.സി, സി.സി.ടി.വി, ഡിസ് പ്ലേ മെറ്റീരിയൽസ് അടക്കമുള്ള സംഗതികളെല്ലാം നശിച്ചു. ഇവകൂടാതെയാണ് ബാധ്യതകൾ. അതിൽ മൊത്തവ്യാപാരികൾക്കുള്ള കുടിശ്ശികയുണ്ട്. കടയുടെ വാടക മുൻ കുടിശ്ശിക, സ്റ്റാഫിനുള്ള കുടിശ്ശിക, കടയുടെ വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ, തൊഴിലാളികളുടെ ഗോസി, എൽ.എം.ആർ.എ ബില്ലുകൾ എന്നിവയൊക്കെയുണ്ട്. ഇതിനുപുറമെ വാറ്റ് ഇനത്തിൽ അടക്കേണ്ട തുക അടക്കം പലർക്കും കുടിശ്ശികയുണ്ട്. ഇവയിലൊക്കെ ഇളവു ലഭിക്കാനായി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ശ്രമം നടക്കുന്നുണ്ട്. അവ എത്ര മാത്രം ഫലപ്രാപ്തിയിലെത്തുമെന്നറിയില്ലെങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ വ്യാപാരികൾ.
ഇതിനൊക്കെ പുറമെയാണ് വ്യക്തിപരമായിട്ടുണ്ടായ നഷ്ടങ്ങൾ. റൂമിന്റെയും ഫ്ലാറ്റിന്റെയും വാടക കൊടുക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല. മെസ് ബിൽ ഇനത്തിൽ കുടിശ്ശികയുണ്ട്. വിസ പുതുക്കേണ്ടവരുണ്ട്. ഈ പ്രശ്നങ്ങളടക്കം പരിഹരിക്കേണ്ടവയാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ
ദുരന്തമുണ്ടായ അന്നുമുതൽ ഇന്നുവരെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളും നേതാക്കളും പ്രവർത്തകരുമെല്ലാം ഏക മനസ്സോടെ കൂടപ്പിറപ്പുകളെ സഹായിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. തീയണക്കാൻ കർമനിരതരായിരുന്ന സിവിൽ ഡിഫൻസ് അംഗങ്ങളക്കടക്കം ഭക്ഷണവും വെള്ളവും എത്തിച്ചു നൽകിയും തുടങ്ങിയ സന്നദ്ധ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.തീയിൽപെട്ട് സർവതും നശിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും കിടക്കാൻ ഇടവും ഭക്ഷണവും എത്തിക്കാൻ സംഘടനാഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു.
ആ കൂട്ടായ്മയുടെ പ്രവർത്തനം തുടരുകയാണ്. നിയമപരമായ എല്ലാ സഹായങ്ങളും നൽകിക്കൊണ്ട് സാമൂഹിക പ്രവർത്തകർ സദാ രംഗത്തുണ്ട്. നഷ്ടത്തിന്റെ വ്യാപ്തി അധികാരികളെ അറിയിക്കാനും അർഹതപ്പെട്ട സഹായം നേടിയെടുക്കാനുമുള്ള പ്രവർത്തനങ്ങളിലാണ് ഇവരൊക്കെ. ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാനും സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്തു. എംബസിയുടെ ഐ.സി.ഡബ്ല്യൂ.എഫ് ഫണ്ടിൽനിന്ന് വിമാന ടിക്കറ്റിനുള്ള പണം അനുവദിപ്പിച്ച് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ദുരന്തത്തിൽപ്പെട്ടവരെ നാട്ടിലേക്കയക്കാനും ശ്രമിക്കുന്നു. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ആർ.എഫിന്റെ കുടക്കീഴിലാണ് എല്ലാ സാമൂഹിക സംഘടനകളും ചേർന്നു സഹായ പ്രവർത്തനങ്ങൾ നടത്തുന്നത്. ഐ.സി.ആർ.എഫ് ടീം സംഭവസ്ഥലം സന്ദർശിച്ചിരുന്നു.
സർക്കാർ നഷ്ടപരിഹാരത്തിനായി ബഹ്റൈൻ എം.പിമാർ അടക്കമുളളവർ ശ്രമിക്കുന്നുണ്ടെന്നത് വളരെയേറെ ആശ്വാസകരമാണ്. സി.ആർ ഉടമകൾക്ക് മാത്രമല്ല, കടകൾ നടത്തുന്നവർക്കുകൂടി സഹായം ലഭിക്കേണ്ടതുണ്ടെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ഇരകളാക്കപ്പെട്ടവരുടെ ദുരിതങ്ങളും നഷ്ടത്തിന്റെ വ്യാപ്തിയും എം.പിമാരെ ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സി.ആർ ഉടമകൾ കഴിഞ്ഞദിവസം സെക്കന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് കറാത്തെയെ സന്ദർശിച്ചിരുന്നു.
സഹായവുമായി സ്വദേശികളും
സ്വദേശികൾ പലരും ജീവിതോപാധികൾ നഷ്ടമായ ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ രംഗത്തുവന്നുയെന്നത് ആശ്വാസകരമാണെന്ന് സാമൂഹികപ്രവർത്തകർ പറയുന്നു. വർഷങ്ങളായി സൂഖിൽ പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനമായ അസീൽ ടെക്സ് ജീവിതോപാധി നഷ്ടപ്പെട്ട എല്ലാവർക്കും 200 ദിനാർ വിലയുള്ള തുണിത്തരങ്ങൾ നൽകിയിരുന്നു. വിവിധ സംഘടനാ നേതാക്കൾ കഴിഞ്ഞദിവസം അസീൽ ടെക്സ് ഉടമ യൂസഫ് അബ്ദു റസാഖിനെ സന്ദർശിച്ച് ഇന്ത്യൻ കമ്യൂണിറ്റിയുടെ നന്ദി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.