ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം നിലനിർത്തി മനാമ സൂഖ് നവീകരിക്കും
text_fieldsമനാമ: മനാമ സൂഖ് ആധുനികരൂപത്തിൽ പുനരുദ്ധരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മന്ത്രിസഭ യോഗത്തിൽ നിർദേശം നൽകി. ബഹ്റൈന്റെ പാരമ്പര്യവും സംസ്കാരവും നിലനിർത്തി അടിസ്ഥാനാവശ്യങ്ങൾ പരിഗണിച്ചായിരിക്കും നവീകരണം നടക്കുക.
ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ഭരണാധികാരികൾക്കും ബഹ്റൈൻ ജനതക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും കാബിനറ്റ് ആശംസ നേർന്നു. രാജ്യത്തിനും ജനങ്ങൾക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും നന്മയുടെയും സമാധാനത്തിന്റെയും ദിനങ്ങൾ പുതുവർഷത്തിൽ സമ്മാനിക്കട്ടെയെന്നും ആശംസയിൽ വ്യക്തമാക്കി.
ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആവശ്യപ്പെട്ടതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. ലബനാനിൽ സമാധാനം നിലനിർത്താനും അതുവഴി മേഖലയിൽ ശാന്തിയും സമാധാനവും പുലരാനുമുള്ള അവസരമുണ്ടാകുമെന്ന് വിലയിരുത്തി. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിന്റെ ഫലമായി ബഹ്റൈൻ കൈവരിച്ച നേട്ടത്തെ കാബിനറ്റ് സ്വാഗതം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്ക് സുരക്ഷിത തൊഴിലിടങ്ങൾ ഒരുക്കുന്നതിലും ബഹ്റൈൻ മുൻനിര സ്ഥാനത്താണുളളത്.
അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം മനുഷ്യക്കടത്ത് തടയുന്നതിൽ മുൻനിര സ്ഥാനമാണ് ബഹ്റൈന് നേടാൻ സാധിച്ചത്. നേട്ടം കരസ്ഥമാക്കാൻ ശ്രമിച്ച മുഴുവൻ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും കാബിനറ്റ് പ്രത്യേകം അഭിവാദ്യമർപ്പിച്ചു.
ആശൂറ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിലെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും പ്രധാനമന്ത്രി നിർദേശം നൽകി. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുളള സുരക്ഷാ ഫണ്ടിന്റെ വർഷാന്ത റിപ്പോർട്ടിനെ കുറിച്ച നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി. വിവിധ യോഗങ്ങളിലും സമ്മേളനങ്ങളിലുമുള്ള മന്ത്രിമാരുടെ പങ്കാളിത്തവും വിദേശരാജ്യങ്ങളിലെ സന്ദർശനങ്ങളും സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
മനാമ സൂഖ് നവീകരണം: പ്രഖ്യാപനം സ്വാഗതം ചെയ്ത് പ്രമുഖർ
മനാമ: മനാമ സൂഖ് നവീകരണം നടത്താനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രമുഖർ രംഗത്ത്. കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ നിർദേശത്തെ സ്വാഗതം ചെയ്യുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
പാർലമെന്റംഗം അഹ്മദ് അസ്സുലൂമും നിർദേശത്തെ സ്വാഗതം ചെയ്തു. മനാമയുടെ മുഖഛായ മാറ്റാനും പാരമ്പര്യവും ചരിത്രവും സമന്വയിപ്പിക്കുന്ന മനാമ സൂഖിന്റെ പ്രൗഢി വീണ്ടെടുക്കാനും ഇതു വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.