മനാമ സൂഖ് നവീകരണം; വിദഗ്ധരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചു
text_fieldsമനാമ: തീപിടിത്തത്തെതുടർന്ന് താൽക്കാലികമായി നിർത്തിവെച്ച മനാമ സൂഖ് ആധുനികവത്കരണം സംബന്ധിച്ച നടപടികൾ വീണ്ടും സജീവമാകുന്നു. സൂഖിന്റെ പാരമ്പര്യവും ചരിത്രപരമായ പ്രാധാന്യവും നിലനിർത്തിക്കൊണ്ടുതന്നെ ആധുനികമുഖം നൽകാനുള്ള പദ്ധതിക്ക് ആവശ്യമായ നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാൻ വിവിധ മേഖലകളിലെ വിദഗ്ധരെ ക്ഷണിച്ചിട്ടുണ്ട്.
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടിവ് സാറാ ബുഹെജിയുടെ അധ്യക്ഷതയിൽ പ്രത്യേക ഓൾഡ് മനാമ സുഖ് പുനർവികസന കമ്മിറ്റി രൂപവത്കരിച്ചു. ടൂറിസം, മുനിസിപ്പാലിറ്റി മന്ത്രാലയം, കൃഷി, വ്യവസായ- വാണിജ്യം, ഗതാഗതം- ടെലികമ്യൂണിക്കേഷൻ, ആഭ്യന്തരം, വൈദ്യുതി, ജലം, ഇൻഫർമേഷൻ, സാമൂഹിക വികസനം, എന്നിവയിലെ വിദഗ്ധർ സമിതിയിൽ ഉൾപ്പെടും. പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യം സംരക്ഷിച്ചുകൊണ്ട് പുനർവികസനത്തിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കാൻ, ഈ മാസം ആദ്യം നടന്ന മന്ത്രിസഭാ യോഗത്തിൽ ഹമദ് രാജാവ് ഉത്തരവിട്ടതിനെത്തുടർന്നാണിത്. കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തെതുടർന്ന് സൂഖിന്റെ മുഖം മിനുക്കാനുള്ള പദ്ധതികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ജൂൺ 12 ന് ഉണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കടകൾ കത്തിനശിച്ച് വൻനഷ്ടമുണ്ടായി.
ബാബ് അൽ ബഹ്റൈൻ ഏരിയ, അയക്കൂറ പാർക്ക് റൗണ്ട്എബൗട്ട് ഏരിയ, ഡൗൺടൗൺ മനാമ ഏരിയ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് നിർദിഷ്ട നവീകരണം ആദ്യം നിശ്ചയിച്ചിരുന്നത്. തീപിടിത്തം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതുൾപ്പെടെ ബന്ധപ്പെട്ട ഓരോ മന്ത്രാലയത്തിൽനിന്നുള്ള വിദഗ്ധാഭിപ്രായത്തെ ആശ്രയിച്ചിരിക്കും സുഖിന്റെ പുനർവികസനമെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സലേഹ് തറാദ പറഞ്ഞു. നവീകരണജോലി നടക്കുമ്പോഴും സൂഖിന്റെ പ്രവർത്തനം സുഗമമായി തുടരേണ്ടതുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെ എല്ലാ തടസ്സങ്ങളും മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നവീകരണ പദ്ധതികൾ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞാൽ, മന്ത്രിസഭയെയും പാർലമെന്റിനെയും അറിയിക്കും. 2025-2026 ദേശീയ ബജറ്റിൽ അതിനുള്ള ഫണ്ട് വകയിരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.