കണ്ടൽച്ചെടികളുടെ എണ്ണം നാലിരട്ടിയാക്കുമെന്ന് കൃഷിമന്ത്രി
text_fieldsമനാമ: കണ്ടൽച്ചെടികളുടെ എണ്ണം വർധിപ്പിച്ച് കാലാവസ്ഥ വ്യതിയാനത്തിന് ഒരുപരിധിവരെ തടയിടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷിമന്ത്രി വായൽ അൽ മുബാറക്. 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കാനുള്ള ആഗോളപദ്ധതിയുടെ ചുവടുപിടിച്ചാണിത്. 2035 ഓടെ തീരപ്രദേശത്തുടനീളം കണ്ടൽച്ചെടികളുടെ എണ്ണം പ്ലാന്റേഷൻ കവറേജ് നാലിരട്ടിയാക്കുകയാണ് ലക്ഷ്യം. അധികം വിസ്തൃതിയില്ലാത്ത രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് വെല്ലുവിളിയാണ്.
എന്നാൽ, ലക്ഷ്യം നേടുകതന്നെ ചെയ്യുമെന്നും ഗൾഫ് കൺവെൻഷൻ സെന്ററിൽ നടന്ന റോട്ടറി ക്ലബ് ഓഫ് മനാമ യോഗത്തിൽ ‘കണ്ടൽക്കാട് പദ്ധതി’ എന്ന വിഷയത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കണ്ടൽക്കാടുകൾ കാലാവസ്ഥാപ്രതിസന്ധിയെ നേരിടാനുള്ള പ്രകൃതി അധിഷ്ഠിത പരിഹാരമാണെന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ലോക പരിസ്ഥിതിദിനത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കണ്ടൽക്കാടുകളുടെ വ്യാപ്തി ഇരട്ടിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന കൺവെൻഷന്റെ ലക്ഷ്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ഈ പ്രഖ്യാപനം.
കാറോട്ട മത്സരത്തിന് വേദിയാകുന്ന ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലടക്കം മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഈന്തപ്പനകളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികളും കാർഷിക മന്ത്രാലയം എടുത്തിട്ടുണ്ട്. ടെലികോം കമ്പനിയായ എസ്.ടി.സി യടക്കം രാജ്യത്തിന്റെ വനവത്കരണനയങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 2022ൽ 1,50,000 മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. ഈ വർഷം ഡിസംബറോടെ 4,60,000 ചെടികൾ വെച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. തീരപ്രദേശങ്ങളിലാണ് കണ്ടൽച്ചെടികൾ തഴച്ചുവളരാറുള്ളത്. ഇത് തീരസംരക്ഷണത്തിന് സഹായകമാണ്.
മറ്റു സസ്യങ്ങളുടെ വളർച്ചക്ക് ഹാനികരമായ അധിക ഉപ്പുരസത്തെ കണ്ടൽക്കാടുകൾ വലിച്ചെടുക്കുമെന്ന ഗുണമുണ്ട്. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനും സഹായകമാണ്. സമീപത്തെ ജനവാസ മേഖലകളെ സംരക്ഷിക്കുന്നതരത്തിൽ പ്രകൃതിദത്ത അടിസ്ഥാനസൗകര്യങ്ങൾ കണ്ടൽക്കാടുകൾ പ്രദാനം ചെയ്യുന്നു. മണ്ണൊലിപ്പ് തടയുക മാത്രമല്ല, കാറ്റിനെയും നിയന്ത്രിക്കുന്നു. കണ്ടലുകളുടെ ഇടതൂർന്ന വേരുകൾ മണ്ണിനെ ഉറപ്പിച്ചുനിർത്തും. ഈ വർഷം ഇതുവരെ, കണ്ടൽക്കാടുകളുടെ വ്യാപ്തി വർധിപ്പിക്കാൻ ലക്ഷ്യമിട്ടതിന്റെ 57 ശതമാനവും മരങ്ങൾ വർധിപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ 44.6 ശതമാനവും നേടിയെന്നും മന്ത്രി അൽ മുബാറക് പറഞ്ഞു. ജൂലൈ 26നാണ് അന്താരാഷ്ട്ര കണ്ടൽക്കാട് സംരക്ഷണദിനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.