പുൽവാമ: രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി രാജ്യസുരക്ഷയെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്തു -മാത്യു കുഴൽനാടൻ
text_fieldsമനാമ: രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി രാജ്യസുരക്ഷയെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്തതിന്റെ തെളിവുകളാണ് പുൽവാമ ആക്രമണം സംബന്ധിച്ച മുൻ ജമ്മു-കശ്മീർ ഗവർണറുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഡോ. മാത്യൂ കുഴൽനാടൻ. രാജ്യസുരക്ഷ സംബന്ധിച്ച് കള്ളംപറയുന്ന പ്രധാനമന്ത്രി മോദി ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെയാളാണെന്നും ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ കുഴൽനാടൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ചൈനയുടെ മുന്നിൽ ഇന്ത്യക്ക് ഇത്രയും ദുർബലമായ അവസ്ഥ ഉണ്ടായിട്ടില്ല. ഇന്ത്യൻ പ്രദേശങ്ങളിൽ ചൈനീസ് അധിനിവേശം നടന്നിട്ടും ശക്തമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാറിനാവുന്നില്ല. ഇന്ത്യയിൽ ഇന്നുള്ള ഏറ്റവും വലിയ അധികാരകേന്ദ്രങ്ങളായ നരേന്ദ്ര മോദിക്കെതിരെയും അദാനിക്കെതിരെയുമാണ് രാഹുൽ ഗാന്ധി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
തങ്ങൾക്കെതിരെ നിലപാടെടുക്കുന്നവരെ സ്വാധീനിക്കാൻ എന്തു മാർഗവും അവലംബിക്കാൻ ശക്തിയുള്ളവരാണവർ. പക്ഷേ, ചങ്ങാത്ത മുതലാളിത്തത്തിനെതിരായ ഈ സമരം ഞങ്ങൾ തുടരുക തന്നെ ചെയ്യും. രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇതുവരെ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. ഭാരത് ജോഡോ യാത്ര ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ പ്രതിഫലനമായിരുന്നു.
കോൺഗ്രസ് പ്രവർത്തകരെ മാത്രമല്ല, ജനാധിപത്യവിശ്വാസികളെയൊന്നാകെ ഈ പോരാട്ടത്തിൽ അണിചേർക്കാൻ യാത്രക്ക് കഴിഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലവേദി രൂപവത്കരിച്ചുകൊണ്ട് ഏകാധിപത്യത്തിനും വർഗീയതക്കുമെതിരായ സമരം തുടരും. ഏകാധിപത്യത്തിൽനിന്ന് രാജ്യം ഏറെ അകലെയല്ല എന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. ജനാധിപത്യസംരക്ഷകരായി പ്രവർത്തിക്കേണ്ട ഭരണഘടന സ്ഥാപനങ്ങളെയടക്കം ബി.ജെ.പി സർക്കാർ തകർക്കുകയോ നിഷ്ക്രിയരാക്കുകയോ ചെയ്തിരിക്കുന്നു.
കേരള സർക്കാറും ജനദ്രോഹത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിന്റെ പാത പിന്തുടരുകയാണ്. ചാർജ് വർധനവുകളും ഫീസ് വർധനയും മൂലം ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഇല്ലാത്തതുകൊണ്ടാണ് നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാൻ ഭരണപക്ഷം തീരുമാനിച്ചത്. മൂൻവർഷങ്ങളിൽ ഈസ്റ്റർ ദിനത്തിൽ കോട്ടയത്ത് ഘർ വാപസി സംഘടിപ്പിച്ച് ക്രൈസ്തവസമുദായത്തെ പ്രകോപിപ്പിച്ച് വർഗീയതക്ക് ശ്രമിച്ച ബി.ജെ.പി ഇപ്പോൾ അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. സംഘ് പരിവാറിന്റെയും ബി.ജെ.പിയുടെയും അജണ്ട തിരിച്ചറിയാനുള്ള വിവേകം ക്രൈസ്തവ സമുദായത്തിനുണ്ട്.
ചില മതമേലധ്യക്ഷന്മാരുടെ ബി.ജെ.പി അനുകൂല നിലപാടുകൊണ്ടൊന്നും സമുദായത്തിന്റെ പൊതുനിലപാട് മാറില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ചിലർ ഉറക്കെപ്പറയുന്ന നിലപാടുകളല്ല, പൊതുസമുദായത്തിന്റേതെന്ന് മനസ്സിലാക്കണം. എങ്കിലും ബി.ജെ.പിയുടെ മതധ്രുവീകരണ നീക്കങ്ങളെ കോൺഗ്രസ് ഗൗരവമായാണ് കാണുന്നത്. കർണാടകയിൽ കോൺഗ്രസിന്റെ വിജയം അട്ടിമറിക്കാൻ ബി.ജെ.പി ഏതു കുൽസിതശ്രമങ്ങളും നടത്തും. പക്ഷേ, ജനം അത് പരാജയപ്പെടുത്തുമെന്നും കർണാടകയിലെ വിജയം ദേശീയതലത്തിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന് ഉണർവുനൽകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.