മലയാളി സംഘടനകൾ വിപുലമായി മേയ് ദിനം ആഘോഷിക്കും
text_fieldsമനാമ: ലോക തൊഴിലാളി ദിനം ബഹ്റൈനിലെ വിവിധ മലയാളി പ്രവാസി സംഘടനകൾ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ന് മേയ് ദിനാഘോഷത്തിെൻറ ഭാഗമായി വിവിധ പരിപാടികൾ നടക്കും. വിവിധ തൊഴിൽശാലകളിലും അല്ലാതെയും ജോലി ചെയ്യുന്ന ഏതൊരാൾക്കും പങ്കെടുക്കുവാൻ പറ്റിയ വിവിധ കലാ കായിക പരിപാടികൾ കാലത്ത് 10 മുതൽ തുടങ്ങുമെന്ന് ആക്ടിങ് പ്രസിഡൻറ് പി.എൻ. മോഹൻ രാജ്, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർ അറിയിച്ചു. കരോക്കി മലയാളം, ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ, മലയാളം സമൂഹഗാനം, കബഡി, വടംവലി,ചിത്രരചന എന്നീ ഇനങ്ങളിൽ മൽസരം നടക്കും.
വൈകുന്നേരം അഞ്ച് മുതല്‍ ഏഴുവരെ ലൈവ് ഓർക്കസ്ട്രയും സംഘടിപ്പിക്കും. പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ലോക തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് അൽ ഹിലാൽ ആശുപത്രി സൽമാബാദുമായി സഹകരിച്ച് സൗജന്യ മെഗാ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, വൃക്ക, കരൾ ടെസ്റ്റുകൾ ഉൾപ്പെട്ട ശാരീരിക പരിശോധനയും നടക്കും. എട്ടോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവുമായി രാവിലെ എട്ടുമുതൽ മുതൽ ഉച്ചക്ക് ഒന്നുവരെ നടത്തുന്ന ഈ മെഗാ ക്യാംപ് സൗജന്യമാണ്. മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു ഈസ്റ്റർ ആഘോഷവും ലോക തൊഴിലാളി ദിനാഘോഷവും പൊൻകണി സീസൺ രണ്ട് എന്ന പേരിൽ ഇന്ന് രാവിലെ 11 മുതൽ മുഹറഖ് അൽമാസ് ഹാളിൽ നടക്കും. എം.എം.എസ് വനിതാ വിഭാഗം ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി പ്രതിമാസം തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയായ ‘എരിയുന്ന വയറിന്നൊരു കൈത്താങ്ങ്’ ഒന്നാം വാർഷികാഘോഷവും ഇതോടൊപ്പം നടത്തും.
എം എം എസ് സർഗ്ഗവേദി,എം എം എസ് മഞ്ചാടി ബാലവേദി എന്നിവയുടെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ഫ്രൻറ്സ് അസോസിയേഷൻ ഓഫ് തിരുവല്ലയുടെ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ, മേയ് ദിന ആഘോഷം ഇന്ന് വൈകുന്നേരം 6.30 ന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ നടക്കും.ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ജനങ്ങളിൽ വേണ്ട അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ ബോധവത്ക്കരണ സെമിനാറും നടത്തും. സെമിനാറിന് അമേരിക്കൻ മിഷൻ ആശുപത്രിയിലെ കാർഡിയോളോജിസ്റ്റ് ഡോ. സോണി ജേക്കബ് നേതൃത്വം നൽകും.
സെമിനാറിന് ശേഷം കലാപരിപാടികൾ അവതരിപ്പിക്കും. ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹ്യദയ കൂട്ടായ്മയായ ‘ഫ്രൻറ്സ് ഓഫ് അടൂരിെൻറ’ 2019 ലെ വിഷു, ഈസ്റ്റർ, മേയ് ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്നു വരെ ബുദൈയ്യാ പ്ലാസാ ഗാർഡനിൽ നടത്തും. ലേബർ ക്യാമ്പുകളിൽ താമസിയ്ക്കുന്ന 100 ഓളം തൊഴിലാളികൾക്ക് ഇന്ന് ഭക്ഷണപ്പൊതി വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.