ദേശീയാവബോധം ശക്തമാക്കാൻനടപടി -ആഭ്യന്തര മന്ത്രി
text_fieldsമനാമ: ദേശീയ അവബോധം ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. ദേശീയത സംബന്ധിച്ച ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'നമ്മുടെ ബഹ്റൈൻ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ ഭാവി കെട്ടിപ്പടുത്തത് നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ടാണ്. സാമൂഹിക പങ്കാളിത്തത്തോടെ രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ദേശീയ അവബോധവും ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിൽ വിവിധ മേഖലകളിൽ രാജ്യം ഏറെ പുരോഗതി കൈവരിച്ചു. സാമൂഹികവും മനുഷ്യത്വപരവുമായ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഏറെ മുന്നോട്ടുപോകാനായി.
മൂന്നാമത് ദേശീയ ശാക്തീകരണ ദിനത്തോടനുബന്ധിച്ച് ജനങ്ങളിൽ കൂടുതൽ ശക്തമായ ദേശീയ അവബോധം കരുപ്പിടിപ്പിക്കുന്നതിന് പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. നൂറോളം പദ്ധതികളാണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചത്.
നിരവധി സുരക്ഷാ വെല്ലുവിളികൾ രാജ്യം നേരിട്ട സന്ദർഭങ്ങളിൽ ജനങ്ങൾ ഒറ്റക്കെട്ടായി ഭരണാധികാരികൾക്കുപിന്നിൽ അണിനിരക്കുന്ന കാഴ്ച ഹൃദ്യമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷ മുഖ്യമായി കരുതിയാണ് മുഴുവൻ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. ദേശീയത ശക്തിപ്പെടുത്തുന്നതിന് ഓൺലൈൻ വഴിയുള്ള പരിപാടികളും പദ്ധതികളും നടപ്പാക്കുന്നുണ്ട്.
2019 മാർച്ച് 26നാണ് ദേശീയത ശാക്തീകരണ ദിനാചരണം പ്രഖ്യാപിച്ചത്.
ഇതിന്‍റെ ഭാഗമായി തയാറാക്കിയ നൂറോളം പദ്ധതികൾ നടപ്പാക്കാൻ സാധിച്ചത് നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അന്നുഐമി, നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫ, പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ്, ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ്, ഇൻഫർമേഷൻ മന്ത്രി അലി ബിൻ മുഹമ്മദ് അൽ റുമൈഹി, യുവജന കായികകാര്യ മന്ത്രി അയ്മൻ ബിൻ തൗഫീഖ് അൽ മുഅയ്യദ് എന്നീ മന്ത്രിമാരും മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.