മീഡിയവൺ വിധി സ്വാഗതം ചെയ്ത് പ്രവാസ ലോകം
text_fieldsരാജ്യത്തെ മാധ്യമങ്ങൾക്ക് കോടതിയുടെ ശക്തമായ പിന്തുണ -ഒ.ഐ.സി.സി
മനാമ: രാജ്യത്തെ ഭരണാധികാരികൾ തങ്ങളുടെ താൽപര്യങ്ങൾക്കു വഴങ്ങാത്ത മാധ്യമസ്ഥാപനങ്ങളെ ഇല്ലായ്മചെയ്യാൻ നടത്തുന്ന നടപടികൾക്കെതിരെ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ പ്രഹരമാണ് മീഡിയവൺ കേസിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ വിധിയെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ വിജയമായി ഈ വിധിയെ കാണാൻ സാധിക്കും. രാജ്യത്തെ ജനങ്ങൾക്ക് സത്യം അറിയാനുള്ള അവകാശമുണ്ട്. സത്യം പുറത്തുപറയുന്ന മാധ്യമ സ്ഥാപനങ്ങളെയും രാഷ്ട്രീയ നേതാക്കളെയും കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചു മുന്നോട്ടുപോകണം. നീതിബോധത്തോടെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളെ കഴിഞ്ഞ ഒമ്പതു വർഷമായി സർക്കാർ നിയന്ത്രണത്തിന്റെ ഭാഗമായി റെയ്ഡ് നടത്തി ബുദ്ധിമുട്ടിക്കുകയാണ്. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ മീഡിയവണിന് ഈ വിധി ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാറിന് ലഭിച്ച കനത്ത ആഘാതം -പ്രതിഭ
മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുമായി പരക്കംപായുന്ന ബി.ജെ.പി നേതൃത്വത്തിലെ കേന്ദ്ര സർക്കാറിന് ലഭിച്ച കനത്ത ആഘാതമാണ് മീഡിയവൺ കേസിലെ സുപ്രീംകോടതി വിധിയെന്ന് ബഹ്റൈൻ പ്രതിഭ. സർക്കാറുകളെ ആരോഗ്യപരമായി വിമർശിക്കാൻ ജനാധിപത്യത്തിലൂന്നിയ പത്രമാധ്യമങ്ങൾ ആവശ്യമാണ്.
അതിന്റെ കൈകാലുകൾ കെട്ടിയിട്ട് ജനാധിപത്യത്തെ നോക്കുകുത്തിയാക്കാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണ് വിധിയെന്നും പ്രതിഭ ആക്ടിങ് ജനറൽ സെക്രട്ടറി ഷംജിത് കോട്ടപ്പള്ളി, ആക്ടിങ് പ്രസിഡന്റ് ശശി ഉദിനൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം -കെ.എം.സി.സി
മീഡിയവൺ വിലക്ക് സുപ്രീംകോടതി നീക്കിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വലിയ വിജയമാണെന്ന് കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ കാവൽക്കാരാണ് മാധ്യമങ്ങൾ. ഭരണകൂടങ്ങൾക്ക് അനിഷ്ടകരമായത് തുറന്നു പറയുകയും എഴുതുകയും ചെയ്യുന്നതിന്റെ പേരിൽ മീഡിയവൺ ചാനലിന്റെ വായടപ്പിക്കാനുള്ള മോദി സർക്കാറിന്റെ ഫാഷിസ്റ്റു സമീപനം കോടതിവിധിയിലൂടെ റദ്ദ് ചെയ്യപ്പെട്ടത് ശുഭ പ്രതീക്ഷയാണ് നൽകുന്നത്. ഇത്തരം വിധികൾ ജനാധിപത്യ വ്യവസ്ഥിതിയെ സമ്പുഷ്ടമാക്കുമെന്നും മതേതരത്വത്തെ ജ്വലിപ്പിച്ചുനിർത്തുമെന്നും കെ.എം.സി.സി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ തുടക്കംമുതലേ മുസ്ലിം ലീഗും കെ.എം.സി.സിയും മീഡിയവണിനൊപ്പം നിലകൊണ്ടതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കോടതി നടപടി സ്വാഗതാർഹം -ഐ.വൈ.സി.സി
സംഘ്പരിവാർ സർക്കാർ തങ്ങൾക്കെതിരെ തിരിയുന്ന മാധ്യമശബ്ദങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു മീഡിയവണിനു നേരെയുണ്ടായ വിലക്കെന്ന് ഐ.വൈ.സി.സി. ജനാധിപത്യത്തിന്റെ നാലാം തൂണാണ് പത്ര മാധ്യമങ്ങൾ. കോടതി ഇടപെട്ട് നടപടി റദ്ദാക്കിയത് സ്വാഗതാർഹമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
മാധ്യമസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന വിധി -പ്രവാസി വെൽഫെയർ
മീഡിയവൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി ഭരണഘടന അനുശാസിക്കുന്ന മാധ്യമസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന വിധിയാണെന്ന് പ്രവാസി വെൽഫെയർ ബഹ്റൈൻ.
സർക്കാറിനെതിരായ വിമർശനങ്ങൾ ചൂണ്ടിക്കാട്ടി, ദേശസുരക്ഷയുടെ പേരിൽ എന്തിനെയും നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പദ്ധതികൾക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി എന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.