തൊഴിലാളികൾക്കായി ഐ.സി.ആർ.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) എം.സി.എസ്.സി കമ്പനിയിലെ തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2023 ജൂൺ 22ന് അസ്കറിലെ അവരുടെ ലേബർ അക്കമഡേഷനിൽ ക്യാമ്പ് നടന്നു. 250 തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൽട്ടേഷനും പ്രയോജനപ്പെടുത്തി. അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, അൽ റബീഹ് മെഡിക്കൽ സെന്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, ആസ്റ്റർ ക്ലിനിക് എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ക്യാമ്പിൽ പങ്കെടുത്തു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രന്റെ സാന്നിധ്യത്തിൽ മുഖ്യാതിഥി ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, അഡ്വൈസർ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, മെഡിക്കൽ ക്യാമ്പ് കൺവീനർമാരായ നാസർ മഞ്ചേരി, രാജീവൻ, മെഡിക്കൽ ക്യാമ്പ് ജൂൺ മാസ കോഓഡിനേറ്റർ ജവാദ് പാഷ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എം.സി.എസ്.സി ലീഗൽ അഫയേഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ അക്രം എൻ. ഹഗെ, ഐ.സി.ആർ.എഫിന് നന്ദി പറഞ്ഞു. എം.സി.എസ്.സി പ്രോജക്ട് മാനേജർ റെൻസി കുര്യൻ, കൺസ്ട്രക്ഷൻ മാനേജർ മനോജ് കുമാർ എന്നിവരും മെഡിക്കൽ ക്യാമ്പിൽ സന്നിഹിതരായിരുന്നു. അവധിക്കാലത്ത് ബഹ്റൈൻ സന്ദർശിക്കുന്ന അഞ്ച് ബിരുദ വിദ്യാർഥികളും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ പ്രായോഗിക പരിചയം നേടുന്നതിനായി ക്യാമ്പിൽ ചേർന്നു. എല്ലാ മാസവും അവസാന വ്യാഴാഴ്ച ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.