മെഡിക്കൽ ടൂറിസം; ബഹ്റൈനെ മുൻനിര കേന്ദ്രമാക്കും- ടൂറിസം മന്ത്രി
text_fieldsമനാമ: മെഡിക്കൽ ടൂറിസത്തിന്റെ കാര്യത്തിൽ മേഖലയിലെ മുൻനിര കേന്ദ്രമാക്കി രാജ്യത്തെ മാറ്റാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി. ബന്ധപ്പെട്ട സർക്കാർ അധികാരികളുമായി ഇതു സംബന്ധിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ശൂറ കൗൺസിലിനെ അറിയിച്ചു.
ആരോഗ്യ മന്ത്രാലയം, സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത്, നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി, വിവിധ സർക്കാർ ആശുപത്രികൾ, സ്വകാര്യ മെഡിക്കൽ മേഖലയിലെ പ്രതിനിധികൾ എന്നിവരുമായി ആശയവിനിമയം നടത്തും. പൊതു വിനോദസഞ്ചാരപദ്ധതികളെയും മെഡിക്കൽ ടൂറിസത്തെയും കുറിച്ചുള്ള ശൂറയുടെ സേവനസമിതി അധ്യക്ഷ ഡോ. ഇബ്തിസാം അൽ ദല്ലാലിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി.
മേഖലയിലെ മെഡിക്കൽ ടൂറിസത്തിന്റെ മികച്ച ലക്ഷ്യസ്ഥാനമായി ബഹ്റൈനെ മാറ്റുന്നതിനാവശ്യമായ പദ്ധതി തയാറാക്കാനാണ് ശ്രമിക്കുന്നത്. പരസ്യങ്ങൾ, ട്രാവൽ ഏജന്റുമാരുമായും ടൂറിസം ഓഫിസുകളുമായും ചേർന്നുള്ള പ്രത്യേക കാമ്പയിനുകൾ ഇതിനു ഉപയോഗിക്കും.എക്സിബിഷൻ വേൾഡിൽ മെഡിക്കൽ കോൺഫറൻസുകളും എക്സിബിഷനുകളും കൊണ്ടുവരാൻ ടൂറിസം മന്ത്രാലയവും ബി.ടി.ഇ.എയും ശ്രമിക്കുകയാണ്. 2023 ഡിസംബറിൽ മനാമ ഹെൽത്ത് കോൺഫറൻസും എക്സിബിഷനും എക്സിബിഷൻ വേൾഡിൽ വെച്ച് നടന്നിരുന്നു. 6,300 സന്ദർശകർ ആ സമ്മേളനത്തിൽ പങ്കെടുത്തു.
ബഹ്റൈനെ 2024 ജി.സി.സി ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ടൂറിസം വികസനത്തിനായി പ്രത്യേക പരിപാടികളും പദ്ധതികളും ആവിഷ്കരിക്കും.ജി.സി.സിയിൽനിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്കും വ്യക്തികൾക്കും എത്തിച്ചേരാവുന്ന ടൂറിസം ലക്ഷ്യസ്ഥാനമാക്കി രാജ്യത്തെ മാറ്റും. ടൂറിസം വികസനത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ടെന്നത് ആകർഷണീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.