രോഗികൾക്ക് വിനയായി കോവിഡ്കാലം: മരുന്നുകൾ കിട്ടാൻ അലച്ചിൽ
text_fieldsമനാമ: കോവിഡ് മഹാമാരി എത്തിയപ്പോൾ ഏറ്റവും പ്രയാസപ്പെട്ട ഒരു വിഭാഗമാണ് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ. സാധാരണയായി നാട്ടിൽനിന്ന് വരുേമ്പാഴും സുഹൃത്തുക്കൾ മുഖേനയുമാണ് ഇവർ മരുന്ന് കൊണ്ടുവരുന്നത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിമാന വിലക്കേർപ്പെടുത്തിയതിനാൽ അതിനുള്ള സാധ്യത അടഞ്ഞു. അവശ്യ മരുന്നുകൾ കിട്ടാതെ പലരും പ്രയാസം അനുഭവിക്കുകയാണ്. ചില മരുന്നുകൾക്ക് നാട്ടിലേതിനെക്കാൾ വളരെ കൂടുതൽ തുകയാണ് ഇവിടെ വേണ്ടിവരുന്നത്. രക്തസമ്മർദത്തിനും അവയവ മാറ്റം കഴിഞ്ഞവർക്കുമുള്ള മരുന്നുകൾക്ക് കൂടുതൽ വില നൽകണം. ഇതു പലർക്കും താങ്ങാൻ കഴിയുന്നതല്ല. എല്ലാ മരുന്നുകൾക്കും തുല്യമായ മരുന്നുകൾ കിട്ടാനുള്ള പ്രയാസമാണ് രോഗികളെ വലക്കുന്ന മറ്റൊരു കാര്യം. പ്രമേഹം പോലുള്ള അസുഖങ്ങൾക്ക് നാട്ടിൽ മൂന്ന് ഘടകങ്ങൾ ചേർന്ന സംയുക്ത മരുന്നുകളായിരിക്കും ലഭിക്കുക. എന്നാൽ, ഇവിടെ ഒാരോന്നും വെവ്വേറെ മരുന്നായി വാങ്ങണം. നാട്ടിൽ ലഭിക്കുന്ന മിക്ക മരുന്നുകൾക്കും സമാനമായ മരുന്നുകൾ ഇവിടെ ലഭ്യമാണ്. എന്നാൽ, പലർക്കും അതിനെക്കുറിച്ച് ധാരണയില്ല. തുല്യമായ മരുന്ന് തന്നെയാണോ എന്ന് സംശയമുള്ളവരും ഉണ്ട്. ഇക്കാരണങ്ങളാൽ നാട്ടിൽനിന്നുതന്നെ മരുന്ന് കൊണ്ടുവരണമെന്ന് നിർബന്ധം പുലർത്തുന്ന നിരവധി പേരുണ്ട്. എന്നാൽ, കോവിഡ് ഇവർക്കൊക്കെ തിരിച്ചടിയായി. നാട്ടിൽ സ്കൂളുകൾ വാർഷികാവധിക്ക് അടക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ് കൂടുതൽ ആളുകൾ സന്ദർശനത്തിനായും മറ്റും ഇവിടെ എത്തുന്നത്. ഇൗ സമയത്താണ് കൂടുതൽ പേരും മരുന്ന് എത്തിക്കുന്നതും. സ്ഥിരമായി കഴിക്കുന്ന മരുന്ന് മൂന്ന് മാസത്തേക്കെങ്കിലും കരുതി വെക്കുന്നവരാണ് പലരും.
ഇൗ സാഹചര്യത്തിലാണ് ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക കോവിഡ് ഹെൽപ്ഡെസ്ക് മുഖേന അത്യാവശ്യ മരുന്നുകൾ എത്തിച്ചുനൽകാനുള്ള സംവിധാനം ഒരുക്കിയത്. മരുന്നുകൾ ആവശ്യപ്പെട്ട് വിളിക്കുന്നവർക്ക് നോർക്ക മെഡിക്കൽ അസിസ്റ്റൻസ് ടീമിെൻറ നേതൃത്വത്തിൽ സൗജന്യമായി എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. ലഭ്യമായ സാമ്പ്ൾ മരുന്നുകൾ ഉൾപ്പെടെ ഇതിനായി ഉപയോഗിക്കുന്നു. ഇതിനകം 800ഒാളം പേർക്ക് മരുന്ന് ലഭ്യമാക്കിയതായി ഇൗ സേവനത്തിന് നേതൃത്വം നൽകുന്ന റഫീഖ് അബ്ദുല്ല പറഞ്ഞു. നോർക്കയുമായി ചേർന്ന് ഡി.എച്ച്.എൽ ഇവിടേക്ക് മരുന്ന് എത്തിക്കുന്നുണ്ട്. ഇതിനുള്ള സഹായങ്ങളും നോർക്ക ഹെൽപ് ഡെസ്ക് ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് റഫീഖ് അബ്ദുല്ലയുടെ നമ്പർ: 3838 4504. മെഡ് ഹെൽപ് ബഹ്റൈൻ കൂട്ടായ്മയും രോഗികൾക്ക് മരുന്ന് എത്തിക്കുന്നതിന് സജീവമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.