ആരോഗ്യമേഖല മെച്ചപ്പെടുത്താൻ വൻ പദ്ധതി
text_fieldsമനാമ: പൗരന്മാർക്കും പ്രവാസികൾക്കും മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പുവരുത്തുന്ന രീതിയിൽ ആരോഗ്യമേഖല നവീകരിക്കുകയാണെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. 2022ലെ സെൻസസ് പ്രകാരം 1,504,365 ജനസംഖ്യയുള്ള രാജ്യത്തിന്റെ ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ ആരോഗ്യമേഖല സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളിൽ 1,680 കിടക്കകളുണ്ട്. ഒമ്പത് ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. സർക്കാർ ആശുപത്രികളിൽ 745 ഡോക്ടർമാരും 3,132 നഴ്സുമാരും 549 സപ്പോർട്ട് മെഡിക്കൽ പ്രഫഷനലുകളും സേവനമനുഷ്ഠിക്കുന്നു. 27 ആരോഗ്യ കേന്ദ്രങ്ങളിലായി 1,814 പ്രഫഷനലുകളുമുണ്ട്. സർക്കാർ ആശുപത്രികളിൽ 1812 നഴ്സുമാർ ഉൾപ്പെടെ 2,035 വിദേശ ജീവനക്കാരുമുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിൽ 185 വിദേശ ആരോഗ്യ പ്രവർത്തകരാണുള്ളത്. ഒരു പതിറ്റാണ്ട് മുമ്പ് നടപ്പിലാക്കിയ 10 വർഷത്തെ ദേശീയ ആരോഗ്യ തന്ത്രം (2016-2025) ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. ഇനിയും മെച്ചപ്പെടുത്തും. സമഗ്രവും ഉയർന്ന നിലവാരമുള്ളതും സുസ്ഥിരവുമായ ആരോഗ്യ സേവനങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്.
ഡോക്ടർമാരെ കാണാൻ രോഗികളുടെ കാത്തിരിപ്പ് സമയം 25 മുതൽ 55 മിനിറ്റ് വരെയാണ്. അതേസമയം, മരുന്നുകൾ കാലതാമസം കൂടാതെ നൽകാൻ കഴിയുന്നുണ്ട്. ഓരോ സന്ദർശകന്റെയും ശരാശരി കൺസൽട്ടേഷൻ സമയം എട്ടിൽനിന്ന് പത്ത് മിനിറ്റായി വർധിച്ചിട്ടുണ്ട്. ആദ്യമായി സന്ദർശിക്കുന്നവർക്ക് ഇത് 15 മിനിറ്റാണ്. പൊതു ശസ്ത്രക്രിയകൾക്കുള്ള കാത്തിരിപ്പ് കാലയളവ് മൂന്ന് മുതൽ ആറ് മാസം വരെയാണ്. എന്നാൽ, അടിയന്തര ശസ്ത്രക്രിയകൾ 24 മണിക്കൂറിനുള്ളിൽ നടത്തുന്നു. കഴിഞ്ഞ വർഷം 17,502 ശസ്ത്രക്രിയ നടത്തി. മുൻവർഷത്തെ അപേക്ഷിച്ച് 146 ശതമാനത്തിന്റെ വർധത്യാണ് ഇക്കാര്യത്തിലുള്ളത്. എക്സ്-റേകൾ ഒന്ന് മുതൽ നാല് ആഴ്ചവരെ എടുക്കും. അതേസമയം ലാബ് പരിശോധനകൾക്കായി കാത്തിരിക്കേണ്ടതില്ല. 1,000 ആളുകൾക്ക് മൂന്ന് ഡോക്ടർമാരുണ്ട്, ഇത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചാണ്. ചികിത്സ ഉപകരണങ്ങൾ സമയബന്ധിതമായി പുതുക്കുകയോ നവീകരിക്കുകയോ ചെയ്യുന്നുണ്ട്. അധിക ഉപകരണങ്ങൾ ഉള്ളതിനാൽ ഈ സമയപരിധിയിലൊന്നും സേവനം തടസ്സപ്പെടുന്നില്ല. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് അത്യാധുനിക ഉപകരണങ്ങൾ മന്ത്രാലയം സ്വന്തമാക്കുന്നുണ്ട്.
രാജ്യത്ത് 7,000 സിക്കിൾ സെൽ അനീമിയ രോഗികളുണ്ടെന്നും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 1,000ൽ ഏഴ് ആണെന്നും ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. കഴിഞ്ഞവർഷം ഏഴ് ചികിത്സ പിഴവുകളാണ് സ്ഥിരീകരിച്ചത്. 80 പരാതികൾ ലഭിച്ചിരുന്നു. ചികിത്സ പിഴവിന്റെ ഭാഗമായി മരണമൊന്നും സംഭവിച്ചിട്ടില്ല. 2022ൽ 38 പരാതികളാണ് ലഭിച്ചത്. ഈ വർഷം ചികിത്സ പിഴവുകളൊന്നും കണ്ടെത്തിയിരുന്നില്ല. ഭാവിയിലേക്കുള്ള ബ്ലൂപ്രിന്റ് തയാറാക്കി വരികയാണെന്നും പുതിയ മെഡിക്കൽ സ്പെഷലൈസേഷനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നും ആരോഗ്യ മന്ത്രി ഡോ. ജലീല അൽ സയ്യിദ് പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി ബഹ്റൈനികളെ വിദേശത്തേക്ക് അയക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. അഹമ്മദ് അൽ അൻസാരി സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിച്ചു. ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി തലവൻ ഡോ. മഹ്ദി അൽ ശുവൈഖിന്റെ നേതൃത്വത്തിൽ തയാറാക്കിയ 5000 പേജുള്ള അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അധികൃതർ രാജ്യത്തെ ആരോഗ്യമേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.