നിരീക്ഷണപാടവം വളർത്തുന്ന മെന്റലിസം; അനന്തു എന്ന അത്ഭുതം
text_fieldsമനാമ: റോഡിലൂടെ ഒരാൾ നടന്നുവരുന്നു. നിങ്ങളുടെ അടുത്തെത്തുമ്പോൾ ഹായ് എന്നു പറഞ്ഞ് പരിചയപ്പെടുന്നു. താൻ ഒരു മെന്റലിസ്റ്റാണെന്നും നിങ്ങളുടെ മനസ്സ് വായിക്കട്ടെ എന്നും ചോദിക്കുന്നു. കൗതുകംപൂണ്ട നിങ്ങൾ സമ്മതിക്കുന്നു. നിങ്ങളോട് എന്തെങ്കിലും ഓർമിക്കാൻ പറയുന്നു. നിങ്ങൾ മനസ്സിൽ വിചാരിച്ചത് അയാൾ പുഞ്ചിരിയോടെ പറയുന്നു. അവിചാരിതമായി വഴിയിൽ കണ്ട ആളുകളുടെ മനസ്സ് വായിക്കുന്ന ചെറു വിഡിയോകളിലൂടെയാണ് മെന്റലിസ്റ്റ് അനന്തു എന്ന ചെറുപ്പക്കാരനെ ലോകം പരിചയപ്പെട്ടത്.
മെന്റലിസം എന്ന കലയെപ്പറ്റി ഇന്ത്യക്കാർ ധാരാളമായി അറിഞ്ഞതും ഒരുപക്ഷേ അനന്തുവിലൂടെയായിരിക്കും. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള മെന്റലിസ്റ്റായി അനന്തു മാറിയിരിക്കുന്നു. മെന്റലിസത്തിലൂടെ കൗതുകമുണർത്തുക മാത്രമല്ല, നിരീക്ഷണപാടവം വളർത്താനും ഈ കല സഹായകരമാകുമെന്ന് അനന്തു പറയുന്നു. മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് മെന്റലിസത്തിന്റെ ടെക്നിക്കുകൾ വളരെയധികം പ്രയോജനം ചെയ്യും. നിങ്ങൾ യൂട്യൂബിൽ മാത്രം കണ്ട അനന്തു ആദ്യമായി ബഹ്റൈനിലെത്തുകയാണ്. കൂട്ടുകാർ ക്രിക്കറ്റ് ബാറ്റും ബാളുമായി ആർത്തുല്ലസിച്ച് നടന്ന കാലത്ത് ഷെർലക് ഹോംസ് കഥകളും അഗത ക്രിസ്റ്റിയും വായിച്ച് മനസ്സിന്റെ രഹസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണം നടത്തിയയാളാണ് തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അനന്തു.
കാര്‍പെന്ററായ അച്ഛന് സുരേഷിന്റെ പ്രോത്സാഹനം മാജിക് പഠനത്തിന് സഹായകമായി. 17 വയസ്സായപ്പോഴേക്കും ആയിരത്തിലധികം വേദികളിൽ മാജിക് ഷോ നടത്തി റെക്കോഡിട്ടു. അച്ഛന്റെ മരണത്തോടെ അമ്മ ബിന്ദു അടങ്ങുന്ന കുടുംബത്തിന് അന്നത്തെ പത്താംക്ലാസുകാരന്റെ മാജിക് ഉപജീവനമാര്‍ഗമായി. പഠനത്തിനിടയിലും ചെറിയ മാജിക് ഷോകളിലൂടെ ജീവിതം മുന്നോട്ടുപോയി. ഇതിനിടെ യൂനിവേഴ്സിറ്റി കോളജില്‍നിന്ന് ബിരുദം നേടി. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് അടുത്ത ലക്ഷ്യം.
ചെറിയ മാജിക് കാണിച്ച് പേരെടുത്ത അനന്തു പടിപടിയായി മാജിക്കിന്റെ ഉയർന്ന രൂപമായ മെന്റലിസത്തിലെത്തി. ചാനൽ പരിപാടികളിൽ കുഞ്ചാക്കോ ബോബനടക്കം സിനിമാതാരങ്ങളുടെയും അവതാരകരുടെയുമൊക്കെ മനസ്സുവായിച്ച് അനന്തു ഹിറ്റായി. പ്രായത്തിന്റെ പേരിലൊക്കെ മജീഷ്യൻസിന്റെയുൾപ്പെടെ ഒരുപാട് കളിയാക്കലുകളും വിമർശനങ്ങളുമൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. പരാജയങ്ങളാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അനന്തു പറയുന്നു. ഒരു ഘട്ടത്തിൽ നിർത്തിപ്പോകുക എന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്.
ആഗ്രഹിക്കുന്ന പല കാര്യങ്ങളും കിട്ടാതെ പോയി. സാമ്പത്തികനഷ്ടം വന്നു. നെഗറ്റിവായ ഒരുപാട് അവസ്ഥകളിലൂടെ കടന്നുപോയി. അവിടെയൊന്നും പരാജയപ്പെടാതെ തലയുയർത്തി മുന്നോട്ടുപോകാൻ മെന്റലിസം സഹായകമായി. ഇന്ന് മജീഷ്യൻ, മെന്റലിസ്റ്റ്, മോട്ടിവേറ്റർ എന്നീ നിലകളിലെല്ലാം ലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമാണ് പുഞ്ചിരി മുഖത്തൊട്ടിച്ചുവെച്ചിരിക്കുന്ന ഈ ചെറുപ്പക്കാരൻ.മെന്റലിസത്തിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്തുകൊണ്ട് അനന്തു നടത്തുന്ന ‘ക്രാക് ദ കോഡ്’ പരിപാടിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.