സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന് എം.ജി. ശ്രീകുമാറും സംഘവും; ചന്ദനക്കുളിരായി ശ്രീരാഗം പെയ്തിറങ്ങിയ രാത്രി
text_fieldsമനാമ: കടുത്ത വേനൽചൂടിൽ ചന്ദനക്കുളിരുപോലെ ബഹ്റൈനിൽ ശ്രീരാഗം പെയ്തിറങ്ങിയ രാത്രിയായിരുന്നു ഇന്നലെ. 25ാം വാർഷികാഘോഷത്തോടനുബന്ധിച്ച്, ഗൾഫ് മാധ്യമം ടൂബ്ലി ഏഷ്യൻ സ്കൂളിലെ ഗംഭീരമായ വേദിയിൽ സംഘടിപ്പിച്ച ‘മധുമയമായ് പാടാം’ മെഗാ എന്റർടെയ്ൻമെന്റ് പരിപാടിയാണ് എം.ജി. ശ്രീകുമാർ എന്ന പ്രതിഭയുടെ മാസ്മരിക പ്രകടനത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കവർന്നത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം നിർവഹിച്ച പരിപാടി ഭരണ, സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായിരുന്നു. പഴയതും പുതിയതുമായ തലമുറകളെയൊന്നാകെ കോരിത്തരിപ്പിച്ചുകൊണ്ട് എം.ജി, തന്റെ ചലച്ചിത്ര ജീവിതത്തിന്റെ നാൽപതാം വാർഷികത്തിൽ പവിഴദ്വീപിലെ ആസ്വാദകമനസ്സുകളെ കീഴടക്കി. ഒപ്പം യുവഗായകനിരയിലെ മധുരശബ്ദം വിധു പ്രതാപും സദസ്സിന്റെ ഹൃദയം കവർന്നു. നിത്യ മാമ്മൻ, ലിബിൻ സക്കറിയ, അസ്ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ, റഹ്മാൻ പത്തനാപുരം എന്നിവരുടെ മാസ്മരിക പ്രകടനങ്ങളിൽ മനസ്സുനിറഞ്ഞ നൂറുകണക്കിന് വരുന്ന ആസ്വാദകർ അക്ഷരാർഥത്തിൽ ആനന്ദക്കണ്ണീർ പൊഴിക്കുകയായിരുന്നു. സൂപ്പർ അവതാരകൻ മിഥുൻ രമേഷിന്റെ തകർപ്പൻ പ്രകടനം സദസ്സിനെയും വേദിയെയും ഇളക്കിമറിച്ചപ്പോൾ പെരുന്നാൾ ആഘോഷം പൂർണമായി. ‘മധുമയമായ് പാടാം’ പരിപാടിക്ക് മുന്നോടിയായി ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘സിങ് ആൻഡ് വിൻ’ മത്സരത്തിലെ വിജയികളും വേദിയിൽ തങ്ങളുടെ മാസ്മരിക പ്രകടനത്തിന്റെ കെട്ടഴിച്ചു.
മധുമഴയിൽ നനഞ്ഞ് ആയിരങ്ങൾ
മനാമ: പ്രവാസി മലയാളിയുടെ കാതരമായ പ്രണയ, കാൽപനിക ഭാവനകൾക്ക് നിറംപകർന്നുകൊണ്ട് എം.ജി, സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ നിറഞ്ഞാടുകയായിരുന്നു. തന്റെ സ്വരത്തിന്റെ പ്രത്യേകതകളിലൂടെ ആസ്വാദന ബോധമണ്ഡലങ്ങളിൽ അദ്ദേഹം സ്വരരാഗ സുധയൊഴുക്കി. ചലച്ചിത്ര ഗാനശാഖയിൽ നിറഞ്ഞുനിന്ന എം.ജി. ശ്രീകുമാറിന്റെ നാൽപ്പത് മധുര വർഷങ്ങളുടെ ആഘോഷം കൂടിയായിരുന്നു, ഗൾഫ് മാധ്യമം രജത ജൂബിലി ആഘോഷ വേദി. നർമം കലർന്ന വാക്ചാതുരിയിലൂടെ എം.ജി ആസ്വാദകശതങ്ങളെ ചിരിപ്പിക്കുകയും, കണ്ണ് നനയിപ്പിക്കുകയും, ഉല്ലസിപ്പിക്കുകയും ചെയ്തു. റൊമാന്റിക് ഗാനങ്ങളോടൊപ്പം സെമി ക്ലാസിക്കൽ ഗാനങ്ങളും മാപ്പിളപ്പാട്ടുകളും എന്നുവേണ്ട പുത്തൻ തലമുറയെപ്പോലും പിന്നിലാക്കുന്ന ഫാസ്റ്റ് നമ്പറുകളും. ഒപ്പം ഒരു കുളിർ നിലാവുപോലെ വിധു പ്രതാപ്. മലയാളഭാഷയെ സമ്പുഷ്ടമാക്കുന്ന ഗാനവൈഭവം... നിത്യ മാമ്മനും ശിഖ പ്രഭാകരനും ചേർന്നൊരുക്കിയ ആർദ്രഭാവങ്ങൾ. ലിബിൻ സക്കറിയ, അസ്ലം അബ്ദുൽ മജീദ്, റഹ്മാൻ പത്തനാപുരം... സംഗീത സദ്യക്ക് വിഭവങ്ങളൊരുക്കിയവർ. ബഹ്റൈൻ കണ്ട ഏറ്റവും വലിയ സംഗീതസന്ധ്യ. ആവേശം കൊടുമുടിയിലെത്തിയ രാത്രിയിൽ സംഘാടകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആസ്വാദകർ ഏഷ്യൻ സ്കൂളിലെ ഗംഭീരമായ വേദിവിട്ട് വീടുകളിലേക്ക് തിരികെപ്പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.