ബാഗ്ദാദ്
text_fieldsലോകം മരവിച്ചു നിന്നുപോയ അധിനിവേശത്തിന്റെ ബാക്കിപത്രമെന്നോണം ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും, താറുമാറായി കിടക്കുന്ന നിരത്തുകളും, ദാരിദ്ര്യം നെറ്റിയിൽ എഴുതി വെച്ച പോലെ ജീവിതത്തെ ദയനീയമായി നോക്കുന്ന പട്ടിണിപ്പാവങ്ങളും സമ്പന്നമായൊരു ഭൂതകാലത്തിന്റെ മുകളിൽ ചവിട്ടിനിന്നുകൊണ്ട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന പോലെയാണ് ബാഗ്ദാദിന്റെ തെരുവീഥികളിൽ കൂടി നടക്കുമ്പോൾ അയാൾക്ക് തോന്നിയത്.
വേദനകളുടെയും, വിരഹത്തിന്റെയും, വടുക്കളില്ലാത്ത മനുഷ്യരില്ല എന്നു തന്നെ പറയാൻ കഴിയുമാറ് ചിരി, സന്തോഷം തുടങ്ങിയ വികാരങ്ങൾ പാടേ മറന്നു പോയ ഒരു സമൂഹം. ഓരോ വ്യക്തിയുടെയും മുഖത്ത് ഇളകി മറിഞ്ഞുകൊണ്ടിരിക്കുന്നത് മനുഷ്യ സങ്കടങ്ങളുടെ കടൽ തന്നെയാണെന്ന് തിരിച്ചറിയാൻ വലിയ പ്രയാസമൊന്നും വേണ്ടതില്ല.
ദുബൈയിൽനിന്നിറങ്ങുന്ന പ്രശസ്തമായ ആംഗലേയ പത്രത്തിൽ കോളമിസ്റ്റ് ആയതുകൊണ്ട് മാത്രമാണ് അതി പ്രശസ്തരായ ആക്ടിവിസ്റ്റുകളും, അറബ് ഭരണാധികാരികളും സാന്നിധ്യമറിയിക്കുന്ന സമാധാനസമ്മേളനത്തിൽ അയാൾക്ക് ക്ഷണം ലഭിച്ചത്. കൊല്ലങ്ങൾ പലതായി മനസ്സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരു നാടിനെ പുതിയ പ്രഭാതത്തിലേക്ക് കൈപിടിച്ചു നടത്താനുള്ള പദ്ധതികൾ കൂടി ആരായാൻ കൂടിയായിരുന്നു സമ്മേളനം കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്.
ഒരു ഗൈഡിനോടൊപ്പം യന്ത്ര കാക്കകൾ തീ തുപ്പിയ വിവിധ ഇടങ്ങൾ സന്ദർശിക്കുമ്പോൾ ഒരുവേള ചരിത്രം അയാളെ ഇറുകെ പുണർന്നു.ഖലീഫ മൻസൂറിന്നാൽ നിർമക്കപ്പെട്ടു ഹാറൂൺ റഷീദിനാൽ വികസിക്കപ്പെട്ട അറബിക്കഥകളിൽ നിറഞ്ഞു നിൽക്കുന്ന പട്ടണം.
ഒരു പക്ഷേ, കൈറോ കഴിഞ്ഞാൽ ഇസ്ലാമിക ലോകത്തെ രണ്ടാമത്തെ നഗരം. മെസപ്പോട്ടൊമിയൻ സംസ്കാര ശേഷിപ്പുകൾ ഗർഭത്തിൽ പേറി പ്രൗഡിയോടെ ലോകത്തിനു മുന്നിൽ തലയുയർത്തി നിന്നിരുന്ന ബാഗ്ദാദിനെ നശിപ്പിച്ചതുകൊണ്ട് എന്ത് നേടാൻ കഴിഞ്ഞു എന്നു ചോദിച്ചാൽ ആർക്കും ഒരു ഉത്തരവും ഉണ്ടാവില്ല എന്നതാണ് സത്യം.
ആകാശത്തിൽ നിന്നും താഴേക്ക് പതിക്കപ്പെട്ട ലക്ഷക്കണക്കിന് തീയുണ്ടകൾക്കിടയിൽ വെന്തു കരിഞ്ഞു പോയ മനുഷ്യരുടെ, പ്രത്യേകിച്ച് പിഞ്ചു കുഞ്ഞുങ്ങളുടെ നിലവിളി അന്തരീക്ഷത്തിൽ തളം കെട്ടി നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി.യുദ്ധങ്ങളില്ലാത്തൊരു ലോകം യാഥാർഥ്യമാകുമ്പോഴാണ് മനുഷ്യൻ ബൗദ്ധികമായി പൂർണ വളർച്ചയെത്തുന്ന ഒരു ജന്തുവായി മാറുന്നതെന്നും അയാൾക്ക് തോന്നാതിരുന്നില്ല.
സമ്മേളനം കഴിഞ്ഞു ദുബൈയിൽ തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞ ഒരു രാത്രിയിൽ അയാളെ തേടിയെത്തിയ ഒരു വാർത്ത നടുക്കുന്നതായിരുന്നു. മൂന്നുനാൾ മുമ്പ് അയാൾ മണിക്കൂറുകളോളം ചുറ്റിക്കറങ്ങിയ ചെറിയ ചന്തയിൽ ബോംബ് സ്ഫോടനം നടന്നിരിക്കുന്നു. മരിച്ചു പോയ നിരവധി മനുഷ്യരിൽ അന്നന്നത്തെ അന്നം കണ്ടെത്താൻ പഴങ്ങൾ വിൽപന നടത്തുന്ന ഒരു പാട് പിഞ്ചുകുഞ്ഞുങ്ങളെ കണ്ടിരുന്നു. ദൈവമേ അവരും ---!!!!!.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.