മുൻവർഷത്തിൽ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങൾ സുരക്ഷാസേന പരാജയപ്പെടുത്തി –ആഭ്യന്തര മന്ത്രി
text_fieldsമനാമ: മുൻവർഷത്തിൽ, ഉന്നത വ്യക്തിത്വങ്ങളെയും ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തുന്നതടക്കമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് പരാജയപ്പെടുത്തിയതായി ബഹ്റൈൻ ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണ്. 2017 ല്‍ നാല് മുഖ്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉൾപ്പെടെയുള്ളവ നടപ്പാക്കുന്നതിന് തീവ്രവാദികൾ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സുരക്ഷാ സേനയുടെ കാര്യക്ഷമവും പഴുതടച്ചതുമായ പ്രവര്‍ത്തനത്താല്‍ ഇവയെ പരാജയപ്പെടുത്താന്‍ സാധിച്ചു.
ജോവ് ജയിലില്‍ നിന്നുള്ള പ്രതികളുടെ രക്ഷപ്പെടൽ മുതലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. പൊലീസുകാരെ കൊലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത തീവ്രവാദ സംഘം അബ്ദുസ്സലാം സൈഫ്, ഹാഷിംഅല്‍ഹമ്മാദി, അബ്ദുസ്സമദ് ഹാജി എന്നിവരെ കൊലപ്പെടുത്തുകയും ഏതാനും പൊലീസുകാര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഒക്‌ടോബറില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദ അക്രമണം നടത്തുകയും സല്‍മാന്‍ എന്ന പൊലീസുകാരന്‍ കൊല്ലപ്പെടുകയും ഏതാനും പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നവംബറില്‍ ബൂരിയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ തകര്‍ക്കുന്നതിന് ശ്രമം നടത്തുകയും ഇതുവഴി തീപിടുത്തമുണ്ടാവുകയും പരിസരത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് പിന്നില്‍ വിപ്ലവ ഗാര്‍ഡുകളൂം ലബനോണിലെ ഹിസ്ബുല്ലയും ഇറാഖിലെ ചില ഗ്രൂപ്പുകളുമാണെന്നത് തർക്കമില്ലാത്ത കാര്യമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
അവരാണ് ഇതിനാവശ്യമായ പരിശീലനവും ഫണ്ടിങും നല്‍കിക്കൊണ്ടിരിക്കുന്നത്. മൊത്തം 47 പേരെയാണ് മുഖ്യ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ളത്. ഇവര്‍ അല്‍അഷ്തര്‍ ഗ്രൂപ്, തീവ്ര ചെറുത്തു നില്‍പ് ഗ്രൂപ്, മുഖ്താര്‍ തീവ്ര ഗ്രൂപ്പ് എന്നിവയാണ്. പ്രസ്തുത സംഘങ്ങളെയും ഇതില്‍ ചേരുന്നവരെയും തീവ്രവാദികളായാണ് ലോകം ഗണിക്കുന്നത്. ഉന്നത വ്യക്തിത്വങ്ങളെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വകവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്താന്‍ സാധിച്ചതും ഇതില്‍ മുഖ്യമാണ്. എണ്ണയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തീയിടുകയോ നശിപ്പിക്കുകയോ ചെയ്തുകൊണ്ട് രാജ്യത്തിെൻറ സാമ്പത്തിക മേഖല തകര്‍ക്കുന്നതിനും തീവ്രവാദികള്‍ ശ്രമിച്ചു. ദേശീയ ദിനാഘോഷ ദിവസങ്ങളിലാണ് മുഖ്യമായും വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമമുണ്ടായത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള ഏതാനും പേരെ ഇതുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. 42 സ്ഥലങ്ങള്‍ പരിശോധന നടത്തുകയും 105 സുരക്ഷാ നീക്കങ്ങള്‍ നടപ്പിലാക്കുകയും ചെയ്തതിെൻറ വെളിച്ചത്തിലായിരുന്നു അറസ്റ്റ്.
290 പ്രതികളെയും പ്രതികളെന്ന് സംശയിക്കുന്നവരെയും പബ്ലിക് പ്രൊസിക്യൂഷന് കൈമാറാനും സാധിച്ചു. എല്ലാ സംഭവങ്ങളുടെയു യഥാര്‍ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് പബ്ലിക് പ്രൊസിക്യൂഷന് സാധിച്ചതും നേട്ടമാണ്. 2011ലെ സംഭവവികാസങ്ങള്‍ക്ക് ശേഷം രാജ്യം വിവിധ തരത്തിലുള്ള സുരക്ഷാ ഭീഷണികള്‍ക്ക് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുഖ്യ ചാനലുകള്‍, പത്രാധിപന്‍മാര്‍, ശൂറ കൗണ്‍സില്‍- പാര്‍ലമെൻറ് അംഗങ്ങള്‍, യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍മാര്‍, സ്‌കൂള്‍ മേധാവികള്‍, മനുഷ്യാവകാശ സംഘടനാ പ്രതിനിധികള്‍, സാമൂഹിക മാധ്യമ മേഖലയിലുള്ളവര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, പൗരപ്രമുഖര്‍, യുവജന അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവരും വാർത്താസമ്മേളനത്തിനൊപ്പമുള്ള കൂട്ടായ്മയിൽ സംബന്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.