ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ റേഡിയേഷൻ വിമുക്തമെന്ന് ആരോഗ്യമന്ത്രി
text_fieldsമനാമ: ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ റേഡിയോ ആക്ടിവ് പദാർഥങ്ങൾ അടങ്ങിയതല്ലെന്ന് ഉറപ്പുവരുത്താൻ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ്. ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന രാജ്യത്ത് നിന്നുള്ള ആരോഗ്യ സർട്ടിഫിക്കറ്റും ഉള്ളടക്കം, ചേരുവകൾ, തയാറാക്കൽ, നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഇല്ലാത്തവ നിരോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ സംബന്ധിച്ച ശൂറ കൗൺസിൽ അംഗം ഹമദ് അൽ നുഐമിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം. പരിശോധനയിൽ സുരക്ഷിതമെന്ന് കണ്ടെത്തിയാലും അവയുടെ ദീർഘകാല ഉപയോഗം ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമോ എന്ന് നിർണയിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. ലാബ് പരിശോധനകളിൽ പരാജയപ്പെടുന്ന ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നയാളുടെ ചെലവിൽ നശിപ്പിക്കപ്പെടുകയോ മടക്കിയയക്കുകയോ ചെയ്യും.
സ്വീകാര്യമായ അളവിൽ റേഡിയേഷനുള്ള ഭക്ഷ്യപദാർഥങ്ങൾ അനുവദനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസിയുടെയും ശിപാർശകളുടെ അടിസ്ഥാനത്തിലാണ് അനുവദനീയമായ റേഡിയേഷന്റെ അളവ് നിർണയിക്കുന്നത്. ചില ഭക്ഷണങ്ങളിൽ പ്രകൃതിദത്തമായ റേഡിയോ ന്യൂക്ലൈഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ അപകടസാധ്യതയില്ലാത്തതാണ്. ഭക്ഷണത്തിലെ ബാക്ടീരിയ, പൂപ്പൽ, മറ്റു കീടങ്ങൾ എന്നിവയെ നശിപ്പിക്കാൻ റേഡിയേഷൻ ബീം വഴി കടത്തിവിടാറുണ്ട്. ഈ നടപടി ഭക്ഷണത്തെ റേഡിയോ ആക്ടിവ് ആക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.