മന്ത്രി റോഷി അഗസ്റ്റിന് പലിശവിരുദ്ധ സമിതി നിവേദനം നൽകി
text_fieldsമനാമ: പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണംചെയ്ത് നിയമവിരുദ്ധ പണമിടപാടുകളിലൂടെ മലയാളികളുൾപ്പെടെയുള്ള പലിശസംഘം ബഹ്റൈനിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകൾക്കെതിരെ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജലസേചന മന്ത്രി റോഷി അഗസ്റ്റിന് പലിശവിരുദ്ധ സമിതി നിവേദനം നൽകി. ഹ്രസ്വസന്ദർശനാർഥം ബഹ്റൈനിൽ എത്തിയതായിരുന്നു അദ്ദേഹം.
പ്രവാസികളിൽനിന്ന് ഒപ്പിട്ട ബ്ലാങ്ക് മുദ്രപ്പത്രങ്ങളും ബ്ലാങ്ക് ചെക്ക് ബുക്കുകളും കൈക്കലാക്കി പലിശയും കൂട്ടു പലിശയും ചേർത്ത് നാട്ടിലെ കിടപ്പാടവും ഭൂമിയും പണവും കൈക്കലാക്കുന്ന സംഭവങ്ങൾ പലിശവിരുദ്ധ സമിതി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
പലിശവിരുദ്ധ സമിതി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ മന്ത്രി റോഷി അഗസ്റ്റിൻ നാട്ടിൽ ഇതിന്റെ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. പലിശവിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങലിനോടൊപ്പം ഉപദേശക സമിതി അംഗവും കേരള സമാജം പ്രസിഡൻറുമായ പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ദിജീഷ്, എക്സിക്യൂട്ടിവ് അംഗം ഷാജി മൂതല എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.