ഹമദ് രാജാവിന്റെ റഷ്യൻ സന്ദർശനം ചരിത്രവിജയമെന്ന് മന്ത്രിസഭ
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ റഷ്യൻ സന്ദർശനം ചരിത്ര വിജയമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി.
പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയും ചർച്ചയും ഇരുരാജ്യങ്ങൾക്കുമിടയിൽ വിവിധ മേഖലകളിൽ സഹകരണത്തിന് സാധ്യതകൾ തുറന്നിടുന്നതായിരുന്നു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി. ഫലസ്തീൻ പ്രശ്നത്തിന് അന്തിമമായ പരിഹാരവും സമാധാനപൂർണമായ അന്തരീക്ഷവും സാധ്യമാക്കുന്നതിന് ഊന്നൽ നൽകി മുന്നോട്ടു പോകുന്നതിനുള്ള വഴികളും ആരാഞ്ഞു.
വിവിധ രാജ്യങ്ങളുമായി സുദൃഢ ബന്ധമാണ് ബഹ്റൈൻ ആഗ്രഹിക്കുന്നത്. നയതന്ത്ര ബന്ധങ്ങളടക്കം വിവിധ മേഖലകളിൽ റഷ്യയുമായുള്ള ബന്ധം ഏറെ പ്രാധാന്യ പൂർവമാണ് ബഹ്റൈനടക്കമുള്ള രാജ്യങ്ങൾ പരിഗണിക്കുന്നതെന്നും ഹമദ് രാജാവ് പറഞ്ഞിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ പുരോഗതിക്കും ഉണർവിനും വിദ്യാഭ്യാസ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രത്യേകം ശ്ലാഘിച്ചു. ഗസ്സയിലെ റഫ മേഖലയിൽ ഇസ്രായേൽ സേന നടത്തിയ നിഷ്ഠുര ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. നിരപരാധികളെ കൊന്നൊടുക്കുന്ന നടപടി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഗൗരവതരമായി ഇടപെടേണ്ടതുണ്ടെന്നും കാബിനറ്റ് ഓർമിപ്പിച്ചു.
അന്താരാഷ്ട്ര മര്യാദകളും മനുഷ്യാവകാശങ്ങളും ലംഘിച്ചാണ് ഗസ്സയിൽ ആക്രമണം തുടർന്നു കൊണ്ടിരിക്കുന്നത്. വിവിധ മന്ത്രിമാർ വിദേശരാജ്യങ്ങളിൽ നടത്തിയ സന്ദർശനങ്ങളെ കുറിച്ചും പങ്കെടുത്ത പരിപാടികളെ കുറിച്ചുമുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജൂൺ മാസത്തിൽ വിവിധ മന്ത്രിമാർ നടത്തുന്ന സന്ദർശനങ്ങളെ കുറിച്ച കരടും അവതരിപ്പിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.