ജങ്ഷനുകൾ ഹരിതാഭമാക്കാൻ പദ്ധതികളുമായി കൃഷി മന്ത്രാലയം
text_fieldsമനാമ: കാലാവസ്ഥ മാറ്റങ്ങളുയർത്തുന്ന ഭീഷണിയിൽനിന്ന് രക്ഷനേടാനുതകുന്ന രീതിയിൽ ഹരിതപദ്ധതികളുമായി കൃഷി മന്ത്രാലയം. പദ്ധതിയുടെ ഭാഗമായി പാതയോരങ്ങളിലെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു. എല്ലാ ജങ്ഷനുകളും ഹരിതാഭമാക്കാനാണ് പദ്ധതി.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസഭ കൺവെൻഷന്റെ മാർഗനിർദേശങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് വനവിസ്തൃതി വർധിപ്പിക്കാനുള്ള നടപടികളെന്നും അദ്ദേഹം പറഞ്ഞു. പാതയോരത്തെ മരങ്ങളുടെ എണ്ണം ഇപ്പോൾ 1.8 ദശലക്ഷമാണെന്നാണ് കണക്ക്. 2035ഓടെ 3.6 ദശലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം.
ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയുടെ വശങ്ങളിലും മധ്യഭാഗത്തും മരം നട്ട് വനവത്കരണവും സൗന്ദര്യവത്കരണവും നടത്തുന്ന പദ്ധതി പരിശോധിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശൈഖ് ഈസ ബിൻ സൽമാൻ റോഡിലെ മേൽപാല സിഗ്നൽ മുതൽ സല്ലാഖ് സിഗ്നൽ വരെയുള്ള 14 കിലോമീറ്ററിലാണ് വിവിധതരം തണൽ മരണങ്ങൾ വെച്ചുപിടിപ്പിക്കുന്നത്.
പദ്ധതിക്ക് കീഴിൽ വേപ്പ്, ചെമ്പരത്തി, ഫിക്കസ്, യൂക്കാലിപ്റ്റസ്, കാസിയ എന്നിവയുൾപ്പെടെ 11,720 തണൽ മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. ഈ മരങ്ങൾ രാജ്യത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമാണ്. ഉയർന്ന ചൂടും വരൾച്ചയുമനുഭവപ്പെടുന്ന കാലാവസ്ഥ സാഹചര്യങ്ങളിൽ വളരുന്നവയാണ് ഇവ.
വനവത്കരണ പരിപാടിക്ക് ഇവ നിർദേശിക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ്. ഫെബ്രുവരിയിൽ തുടങ്ങിയ സൗന്ദര്യവത്കരണ പദ്ധതി അടുത്ത വർഷം ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. വിവിധ ഗവർണറേറ്റുകളിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടക്കുകയാണ്. സ്കൂളുകളിലും മറ്റും വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയോടെ പദ്ധതി നടപ്പാക്കിയിരുന്നു. കാർബൺ വികിരണം കുറച്ചുകൊണ്ടുവരാനും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.