ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം; നിയമത്തിന് ശൂറ കൗൺസിൽ അംഗീകാരം
text_fieldsമനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) ദുരുപയോഗം നിയന്ത്രിക്കാനുള്ള നിയമത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം. നിയമലംഘകർക്ക് മൂന്ന് വർഷത്തിൽ കുറയാത്ത തടവോ 2,000 ദീനാർ വരെ പിഴയോ ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം. മാനുഷിക ഇടപെടലോ വിലയിരുത്തലോ ആവശ്യമായ തീരുമാനങ്ങളെടുക്കുന്നതിന് എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാൽ 1,000 ദീനാർ വരെ പിഴ ചുമത്തും. സ്വകാര്യതയിലേക്ക് കടന്നുകയറുകയും വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുകയും സാമൂഹിക മൂല്യങ്ങൾ ലംഘിക്കുകയും ചെയ്യുന്ന എ.ഐ സിസ്റ്റങ്ങൾ പ്രോസസ് ചെയ്യുകയോ പ്രോഗ്രാം ചെയ്യുകയോ ചെയ്താൽ പിഴ 2,000 ദീനാർ വരെയായിരിക്കും. ലൈസൻസ് ഇല്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ വികസിപ്പിച്ചാൽ നിയമലംഘകന് 1,000 ദീനാറിനും 10,000 ദീനാറിനും ഇടയിൽ പിഴ ചുമത്തും.
അശാന്തി സൃഷ്ടിക്കുക, രാഷ്ട്രീയ അസ്വസ്ഥത, അട്ടിമറി, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആഹ്വാനം എന്നിവക്കായി എ.ഐ ഉപയോഗിക്കാൻ ശ്രമിച്ചാൽ മൂന്ന് വർഷത്തിൽ കുറയാതെ ജയിൽ ശിക്ഷ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ, സ്ഥാപനം സ്ഥിരമായോ അല്ലെങ്കിൽ കോടതി നിശ്ചയിക്കുന്ന കാലയളവിലേക്കോ അടച്ചുപൂട്ടും.
മനുഷ്യാവകാശ കമ്മിറ്റി വൈസ് ചെയർമാൻ അലി അൽ ഷെഹാബിയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങളാണ് നിർദേശം മുന്നോട്ടുവെച്ചത്. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, കാബിനറ്റ് അഫയേഴ്സ് എന്നിവയുടെ പരിഗണനക്കുശേഷമാണ് നിയമം ശൂറയുടെ നിയമ നിർമാണ, നിയമകാര്യ സമിതിയുടെ അംഗീകാരത്തിനായി ശിപാർശ ചെയ്യപ്പെട്ടത്. നാഷനൽ സ്പേസ് സയൻസ് ഏജൻസി, ബഹ്റൈൻ പോളിടെക്നിക്, ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി, ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി, തംകീൻ എന്നിവയിലെ ഉദ്യോഗസ്ഥരും നിർദേശങ്ങൾ നൽകിയിരുന്നു. എ.ഐയെ നിയന്ത്രിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര നിയമം കഴിഞ്ഞ മാസം യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.