എമർജൻസി പാത ദുരുപയോഗം; ശിക്ഷാനടപടികൾ കടുപ്പിക്കണമെന്ന് ആവശ്യം
text_fieldsമനാമ: റോഡിലെ എമർജൻസി പാതകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയുള്ള ശിക്ഷാനടപടികൾ കടുപ്പിക്കണമെന്ന ആവശ്യവുമായി എം.പിമാർ. ആറ് മാസത്തിൽ കുറയാത്ത തടവ്, 2,000ത്തിനും 6,000ത്തിനും ഇടയിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ, വേണമെന്നാണ് എം.പിമാരുടെ ശിപാർശ.
2014ലെ ട്രാഫിക് നിയമം ഈ രീതിയിൽ ഭേദഗതി ചെയ്യണമെന്ന ആവശ്യം അബ്ദുള്ള അൽ റൊമൈഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് സമർപ്പിച്ചത്. നിയമഭേദഗതി നടപ്പാക്കിയാൽ, റോഡ് സുരക്ഷ മെച്ചപ്പെടുമെന്നും എം.പിമാർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തുടനീളം സുഗമമായ ഗതാഗതം ഉറപ്പുവരുത്താൻ ഇതുവഴി കഴിയും. മാത്രമല്ല അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണ് ഈ ലൈനുകൾ എന്ന ബോധ്യം ജനങ്ങൾക്കുണ്ടാകാൻ കടുത്ത ശിക്ഷ സഹായകമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് സംബന്ധിച്ച ചർച്ച പാർലമെന്റിൽ നടന്നിരുന്നു. എന്നാൽപാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി, അന്ന് നിർദേശം നിരസിക്കുകയായിരുന്നു. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ആളുകളെ നിർബന്ധിക്കാൻ നിലവിലെ ശിക്ഷകൾ പര്യാപ്തമാണെന്നാണ് അന്ന് സമിതി ചൂണ്ടിക്കാട്ടിയത്.
ആംബുലൻസുകൾ, പൊലീസ്, അഗ്നിശമന സേവനങ്ങൾ എന്നിവക്ക് വേഗത്തിൽ എത്താനും നിർണായക സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനുമായാണ് റോഡിൽ എമർജൻസി പാതകൾ രേഖപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷകൾ പലപ്പോഴും സുരക്ഷിതമായ ഡ്രൈവിങ് പെരുമാറ്റത്തിന് കാരണമാകുമെന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പഠനങ്ങൾ തെളിയിച്ചതായി എം.പിമാർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.