വാനരവസൂരി: മുൻകരുതലുമായി ബഹ്റൈനും
text_fieldsമനാമ: വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച വാനര വസൂരിയെ നേരിടാൻ നടപടികളുമായി ബഹ്റൈനും. രോഗത്തെ പകർച്ചവ്യാധികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി ഡോ. ജലീല അൽസായിദ് ജവാദ് അറിയിച്ചു. രോഗം പിടിപെട്ടാൽ 21 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാക്കി. നേരത്തെ, വാനര വസൂരിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്ന വ്യക്തിയുടെ സാമ്പിൾ പരിശോധനക്ക് എടുക്കുന്ന ദിവസം മുതൽ ഐസൊലേഷൻ ആരംഭിക്കും. ഇവർക്ക് ആവശ്യമായ ചികിത്സകളും നൽകും. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി സംശയിക്കുന്ന വ്യക്തികൾക്കും ഐസൊലേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ആവശ്യാനുസരണം ഐസൊലേഷൻ കാലയളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നതാണ്. ബഹ്റൈനിൽ ഇതുവരെ വാനര വസൂരി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചാൽ ബി അവെയർ മൊബൈൽ ആപ്പിലൂടെ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. ആപ്പ് വഴി രോഗിയെ നിരീക്ഷിക്കുകയും ചെയ്യും. നിർദേശങ്ങൾ ലംഘിച്ചാൽ മൂന്നുമാസത്തിൽ കുറയാത്ത തടവ് ശിക്ഷയോ 1000 ദിനാറിനും 10,000 ദിനാറിനും ഇടയിൽ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്. പ്രധാനമായും വ്യക്തികൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വാനരവസൂരി പകരുന്നത്. രോഗി ഉപയോഗിച്ച പുതപ്പ്, ടവ്വൽ തുടങ്ങിയ വസ്തുക്കളിൽ സ്പർശിക്കുന്നതിലുടെയും രോഗംപകരാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.