ആറു മാസത്തിനിടെ 40 ലക്ഷത്തിലധികം യാത്രക്കാർ; ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിന് വളർച്ച
text_fieldsമനാമ: ബഹ്റൈന്റെ വ്യോമയാന മേഖലക്ക് ഈ വർഷം ആദ്യ പകുതിയിൽ മികച്ച മുന്നേറ്റം. യാത്രക്കാരുടെ എണ്ണത്തിലും വിമാന ഗതാഗതത്തിലും വർധന നേടിയതായി ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടും (ബി.ഐ.എ) ഗൾഫ് എയറും അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച വളർച്ചനിരക്കാണ് രേഖപ്പെടുത്തിയത്.
ആറു മാസത്തിനിടെ, ഗൾഫ് എയർ വഴി 27,98,131 യാത്രക്കാർ സഞ്ചരിച്ചു. 2022ൽ ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണം 20,01,890 ആയിരുന്നു. 39.7 ശതമാനം വർധനയാണുണ്ടായത്. 38,300 ടൺ കാർഗോയും കൈകാര്യംചെയ്തു. 40,98,582 യാത്രക്കാരാണ് ഈ കാലയളവിൽ വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 43.2 ശതമാനം വർധനയുണ്ടായി. 44,160 വിമാന സർവിസുകൾ നടന്നു. 2022ലേക്കാൾ 19.8 ശതമാനം വർധിച്ചു. 1,77,070 കാർഗോയും കൈകാര്യംചെയ്തു. മുൻവർഷത്തേക്കാൾ 6.34 ശതമാനം കുറവാണിത്.
ഏഴു പുതിയ സ്ഥലങ്ങളിലേക്ക് ഈ വർഷം സർവിസ് തുടങ്ങി. ജനപ്രിയ റൂട്ടുകൾ ആരംഭിച്ച് നെറ്റ്വർക്ക് കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങളെത്തുടർന്നാണ് വളർച്ചയെന്ന് ഗൾഫ് എയർ സി.ഇ.ഒ ക്യാപ്റ്റൻ വലീദ് അൽ അലവി പറഞ്ഞു.
അലക്സാൻഡ്രിയ, ഈജിപ്തിലെ ഷാം എൽ ഷെയ്ഖ്, ഇന്ത്യയിലെ ഗോവ, മൈക്കോനോസ്, ഗ്രീസ്; നൈസ്, ഫ്രാൻസ്; ബോഡ്രം, തുർക്കി; സ്പെയിനിലെ മലാഗ തുടങ്ങിയ സർവിസുകൾ ജനപ്രിയമാണ്. മുൻനിര ടൂറിസം കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം ഉറപ്പിക്കാനും രാജ്യത്തിന്റെ ആതിഥേയത്വം ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ഈ വർഷം, ആറു പുതിയ പുതിയ വിമാനക്കമ്പനികൾ ബഹ്റൈനിൽനിന്ന് സർവിസ് ആരംഭിച്ചു. എട്ടു പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കാനും സാധിച്ചു. ബഹ്റൈനെ ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിവർഷം എട്ടു മുതൽ 15 ദശലക്ഷം വരെ യാത്രക്കാർക്ക് സേവനം നൽകുന്ന വിമാനത്താവളങ്ങൾക്കുള്ള എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) ഗ്രീൻ എയർപോർട്ട് റെക്കഗ്നിഷൻ 2023 സിൽവർ അവാർഡും എ.സി.ഐ എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ പ്രോഗ്രാമിന്റെ ലെവൽ 4 ‘ട്രാൻസ്ഫോർമേഷനി’ലേക്കുള്ള സർട്ടിഫിക്കറ്റും ബഹ്റൈൻ വിമാനത്താവളത്തിന് ലഭിച്ചു.
ബാഗേജ് ഡെലിവറിക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ബി.ഐ.എ തിരഞ്ഞെടുക്കപ്പെട്ടു. ബി.ഐ.എക്ക് സ്കൈട്രാക്സ് റേറ്റിങ് ഏജൻസിയുടെ ഫൈവ്-സ്റ്റാർ റേറ്റിങ് തുടർച്ചയായി രണ്ടാം വർഷവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.