വാഹനങ്ങൾ കൂടുന്നു: പാർക്കിങ് സംവിധാനം വർധിപ്പിക്കുമെന്ന് അധികൃതർ
text_fieldsമനാമ: രാജ്യത്ത് വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് പാർക്കിങ് സംവിധാനം വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. ഈ വർഷം ആദ്യ പകുതിയായപ്പോൾ വിവിധ ഗവർണറേറ്റുകളിലായി 1200 പുതിയ കാർ പാർക്കിങ് സ്ഥലങ്ങൾ സൃഷ്ടിക്കാൻ സാധിച്ചെന്ന് വർക്ക് മിനിസ്ട്രി റോഡ് പ്ലാനിങ് ആൻഡ് ഡിസൈൻ ഡയറക്ടർ മഹാ ഹമദ അറിയിച്ചു. 2021ൽ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് 737,510 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിൽ 29,6 33 എണ്ണം ഈ വർഷം രജിസ്റ്റർ ചെയ്തതാണ്. 2021ൽ നടന്ന സർവേയനുസരിച്ച് രാജ്യത്തെ ജനസംഖ്യ 1,504,365 ആണ്. ഇതിൽ 719,333 പേർ സ്വദേശികളും 785,032 പേർ പ്രവാസികളുമാണ്. 2030ൽ ജനസംഖ്യ 2.128 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. അതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണവും വർധിക്കും. എന്നാൽ, ആനുപാതികമായ പാർക്കിങ് സൗകര്യമില്ല എന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാണിച്ചിരുന്നു. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള പാർക്കിങ് സൗകര്യമില്ലാത്തതാണ് ഇത് വർധിക്കാൻ കാരണമെന്ന് ചൂണിക്കാണിക്കപ്പെടുന്നു.
ഇതിന് പരിഹാരമായി സത്വര നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് വർക്ക് മിനിസ്ട്രി റോഡ് പ്ലാനിങ് ആൻഡ് ഡിസൈൻ ഡയറക്ടർ മഹാ ഹമദ പറഞ്ഞു. പൗരന്മാർക്കും താമസക്കാർക്കും അടിസ്ഥാന സൗകര്യ സേവനങ്ങൾ ലഭ്യമാക്കുന്നത് പോലെയുള്ള പൊതുലക്ഷ്യങ്ങൾ നേടിയെടുക്കാൻ മന്ത്രാലയം മുനിസിപ്പൽ കൗൺസിലുകളുമായി ചേർന്ന് പ്രവർത്തിക്കും.
വെസ്റ്റ് റിഫയിലും സല്ലാഖിലും പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്ന് വീടുകൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആളുകളെ അനുവദിച്ചിരുന്നു. പാർപ്പിട പരിസരങ്ങളിലെ നടപ്പാതകൾ നീക്കം ചെയ്തുകൊണ്ടാണ് ഇത് നടപ്പാക്കിയത്.
നടപ്പാതകളില്ലാതായത് കാൽനടക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നതിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നതായും പരാതിയുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ കാർ പാർക്കുകളുടെ അഭാവം പരിഹരിക്കുന്നതിന് ബഹുനില കാർ പാർക്ക് പ്രോജക്ടുകളടക്കം പരിഗണിക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.