കൊതുക് പെരുകുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsമനാമ: കാലാവസ്ഥ വ്യതിയാനം മൂലം കൊതുകുകളുടെ എണ്ണം പെരുകുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ ജനം കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം. പല സ്ഥലങ്ങളിലും കൊതുകുശല്യം വർധിച്ചതായി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. പകർച്ച വ്യാധികൾ പടർത്തുന്നതിൽ കൊതുകുകളുടെ പങ്ക് വളരെ വലുതായതിനാൽ ജാഗ്രത പുലർത്തുകയല്ലാതെ മറ്റ് മാർഗമൊന്നുമില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം. താമസസ്ഥലങ്ങളിലെ കുളങ്ങൾ, ജലധാരകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ വൃത്തിയാക്കുക, വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളും പൂച്ചട്ടികൾ ഉൾപ്പെടെയുള്ളവയും പരിശോധിക്കുക തുടങ്ങിയ നടപടികൾ അഭികാമ്യമാണ്.
ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ശരീരം പൂർണമായി മറയ്ക്കുന്നതും കൊതുകുകളെ ഒരുപരിധി വരെ അകറ്റിനിർത്താൻ സഹായകമാണ്. ബുഹൈർ താഴ്വര, അറാദ്, ഗലാലി, തുബ്ലി, അൽ ലൂസി, മൽക്കിയ, ദാർ കുലൈബ് എന്നിവിടങ്ങളിൽ ശകാതുകുശല്യം വർധിച്ചതായി കൗൺസിലർമാർ ചൂണ്ടിക്കാട്ടിയിരുന്നു. തീരപ്രദേശങ്ങളിലും നികത്തിയെടുത്ത ഭൂമിയിലും കൃഷിയിടങ്ങളിലുമാണ് കൊതുക് ഭീഷണി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തണുപ്പ് കുറയുകയും താപനില ഉയരുകയും ചെയ്യുമ്പോഴാണ് കൊതുകുകൾ പെരുകുന്നത്.
കൊതുക് നശീകരണികളും ഫോഗിങ്ങുമാണ് സാധാരണ കൊതുക് നിർമാർജനത്തിന് സ്വീകരിച്ചുവരുന്ന നടപടികൾ. എന്നാൽ, ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്നും ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ വേണമെന്നും കൗൺസിലർമാർ പല നഗരസഭ യോഗങ്ങളിലും ആവശ്യപ്പെട്ടിരുന്നു. പല മുനിസിപ്പൽ കൗൺസിലുകളും കൊതുകുകളെ ചെറുക്കുന്നതിനും അവയുടെ പ്രജനനകേന്ദ്രങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുമുള്ള മാർഗങ്ങൾ സംബന്ധിച്ച് ബോധവത്കരണ പരിപാടികൾ പലയിടങ്ങളിലും സംഘടിപ്പിച്ചിരുന്നു.
1982ലാണ് ബഹ്റൈനെ മലേറിയ മുക്തമായി പ്രഖ്യാപിച്ചത്. അതിനുശേഷമുള്ള കാലയളവിൽ ആരോഗ്യ വകുപ്പ് വിലയിരുത്തലുകൾ നിശ്ചിത ഇടവേളകളിൽ നടത്താറുണ്ട്. പ്രതിരോധ നടപടികൾ ഊർജിതമായതിനാൽ അതിനുശേഷം മലേറിയ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ജാഗ്രത വേണമെന്ന അഭിപ്രായമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.