ബഹ്റൈനിൽ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സര്‍വിസിന് തുടക്കം
text_fieldsമനാമ: രാജ്യത്തെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സര്‍വിസിന് തുടക്കം കുറിച്ച് ബഹ്റൈനിലെ നാഷനല്‍ ആംബുലന്‍സ് സെന്റര്‍. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ആരംഭിച്ച ഗവണ്മെന്റ് ഇന്നൊവേഷന് മത്സരത്തില്‍ (ഫിക്ര) ഉയര്‍ന്ന ഈ നിര്‍ദേശത്തിന് സര്‍ക്കാർ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണിത്. ഗതാഗതക്കുരുക്കുകളും ഇടുങ്ങിയ റോഡുകളും മൂലം ആംബുലൻസുകൾക്ക് പെട്ടെന്ന് എത്താൻ കഴിയാത്ത പ്രദേശങ്ങളില്‍ വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ ഇത് ഉപകരിക്കും.
എല്ലാ ഗവര്‍ണറേറ്റുകളിലും ഈ സേവനം ലഭ്യമാകും. സേവനമാവശ്യമുള്ളവർ എമര്‍ജന്‍സി ഹോട്ട് ലൈനില്‍ (999) വിളിക്കണം. നാഷനല്‍ ആംബുലന്‍സ് ഓപറേഷന്‍സ് റൂം കാളുകൾ കൈകാര്യം ചെയ്യും. ആംബുലന്‍സ് മോട്ടോര്‍ സൈക്കിളുകള്‍ വഴി ഫസ്റ്റ് റെസ്പോണ്ടര്‍ യൂനിറ്റുകളെ വിന്യസിക്കുന്നതാണ് ആദ്യ ഘട്ടം. ഇടുങ്ങിയ നിരത്തുകളും ഗതാഗതക്കുരുക്കും കാരണം ആംബുലന്‍സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലാണ് മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സുകൾ എത്തുക.
രണ്ടാം ഘട്ടത്തില്‍ ഹൃദയ, ശ്വസന സ്തംഭനം, അപകടങ്ങളും പരിക്കുകളും, എല്ലാത്തരം രക്തസ്രാവം, ഹൃദയാഘാതം, മുങ്ങിമരണം, കഠിനമായ ശ്വാസംമുട്ടല്‍, ബോധക്ഷയം, രക്തത്തിലെ പഞ്ചസാര കുറയല്‍, അടിയന്തര പ്രസവം തുടങ്ങിയ കാര്യങ്ങളില്‍ ഈ സംവിധാനം പ്രവർത്തിക്കും. പരമ്പരാഗത ആംബുലന്‍സ് സേവനങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും ഇത് പ്രവർത്തിക്കുക. മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ള പാരാമെഡിക്കല്‍ ജീവനക്കാരുടെ ഒരു സംയോജിത ടീമാണ് എത്തുക. ഇവർക്ക് ഓണ്‍-റോഡ് ആംബുലന്‍സ് സേവനങ്ങളില്‍ തീവ്രപരിശീലനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.