ഓൺലൈൻ തട്ടിപ്പ് തടയാന്‍ സർക്കാർ തല നടപടി ആവശ്യപ്പെട്ട് എം.പിമാർ
text_fieldsമനാമ: പൊതുജന ബോധവകത്കരണത്തിലൂടെയും സുരക്ഷാനടപടികളിലൂടെയും ഓൺലൈൻ തട്ടിപ്പ് തടയാന്‍ സർക്കാർതല നടപടി ആവശ്യപ്പെട്ട് എം.പിമാർ. ടെലിവിഷൻ, സോഷ്യൽ മീഡിയ, മറ്റ് ആശയ വിനിമയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള ഒരു അവബോധം ജനങ്ങൾക്ക് നൽകണമെന്നാണ് നിർദേശം. നിർദേശം ചൊവ്വാഴ്ച പാർലമെന്റ് ചർച്ചക്കിടും. വിദേശകാര്യ, പ്രതിരോധ, ദേശീയസുരക്ഷാ സമിതി വൈസ് ചെയർമാൻ ഹസൻ ഇബ്രാഹിമിന്റെ നേതൃത്വത്തിലെ അഞ്ച് എം.പിമാരാണ് നിർദേശം ഉന്നയിച്ചത്.
തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക, ബാങ്കിങ് സുരക്ഷാ നടപടികൾ വർധിപ്പിക്കുക, വ്യാജസന്ദേശങ്ങൾ തടയാൻ ടെലികോം കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതിലൂടെ പൗരന്മാരെയും പ്രവാസികളെയും സാമ്പത്തിക തട്ടിപ്പുകളിൽനിന്ന് സംരക്ഷിക്കുക എന്നതാണ് നിർദേശത്തിന്റെ ലക്ഷ്യം.
ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ നിർദേശത്തിന്റെ പ്രാധാന്യത്തെ ഉൾക്കൊണ്ട് വിഷയം ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുഖേന ഓൺലൈൻ തട്ടിപ്പ് തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. തട്ടിപ്പിനായി ഉപയോഗിക്കുന്ന വിവിധരീതികളെ ഇതിനോടകംതന്നെ തടയാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. തട്ടിപ്പ് തടയുന്നതിനായുള്ള നിർദേശങ്ങൾ നൽകാൻ ഇൻഫർമേഷൻ മന്ത്രാലയവുമായി സഹകരിച്ച് ടെലിവിഷൻ, റേഡിയോ പരിപാടികളിൽ ഉദ്യോഗസ്ഥർ പതിവായി പങ്കെടുക്കുന്നുണ്ടെന്നും ശൈഖ് റാശിദ് പറഞ്ഞു.
സൈബർ തട്ടിപ്പിന്റെ വർധിച്ചുവരുന്ന ഭീഷണിയെ ചെറുക്കുന്നതിന് ഏകീകൃതവും ശക്തവുമായ ശ്രമം ആവശ്യമാണെന്ന് ഹസൻ ഇബ്രാഹിം പറഞ്ഞു. നിലവിലുള്ള ബോധവത്കരണ കാമ്പയിനുകൾ ഉണ്ടായിരുന്നിട്ടും, വഞ്ചനക്കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്, പൊതുജനങ്ങളെ ബോധവത്കരിക്കാനും കർശനമായ സുരക്ഷാ നടപടികൾ നടപ്പാക്കാനും കൂടുതൽ ക്രിയാത്മകമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബാങ്കുകൾ, ടെലികോം കമ്പനികൾ എന്നിവരെ കാമ്പയിനിൽ ഉൾപ്പെടുത്തേണ്ടതിന്റ ആവശ്യകതയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.