മുഹറഖ് സൂഖ് മുഖം മിനുക്കുന്നു; ചരിത്ര പ്രൗഢി നിലനിർത്തും
text_fieldsമനാമ: നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ബഹ്റൈനിലെ പഴക്കമേറിയ വ്യാപാരകേന്ദ്രമായ മുഹറഖ് സൂഖിന് പുതുമുഖം നൽകാനൊരുങ്ങി സർക്കാർ. പവിഴ ഖനനത്തിന്റെയും വ്യാപാരത്തിന്റെയും ചരിത്രസ്മരണകൾ തങ്ങിനിൽക്കുന്ന പുരാതന നഗരത്തിന്റെ പാരമ്പര്യവും പകിട്ടും നിലനിർത്തിക്കൊണ്ടുള്ള നവീകരണ പരിപാടികളാണ് നടത്തുന്നത്.
ആദ്യ ഘട്ടമായി പുതിയ നടപ്പാതകൾ 4,07,287 ദീനാർ ചെലവിട്ട് ഉടൻ നിർമിക്കും. നഗര സൗന്ദര്യവത്കരണത്തിനും പാതയോരങ്ങളിൽ മരങ്ങളടക്കം വെച്ചുപിടിപ്പിച്ച് പച്ചപ്പ് കൊണ്ടുവരുന്നതിനുമായി 5,97,120 ദീനാർ വകയിരുത്തിയിട്ടുണ്ട്. വാട്ടർ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് 12,850 ദീനാറും പുതിയ ലൈറ്റിങ് സംവിധാനങ്ങൾക്കായി 20,280 ദീനാറും നീക്കിവെച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസും പദ്ധതിയിൽ സഹകരിക്കും.
ചരിത്രമുറങ്ങുന്ന സൂഖാണെങ്കിലും പൊതു ടോയ്ലറ്റുകൾ ഇല്ലാതിരുന്നത് പലരും ചൂണ്ടിക്കാട്ടിയിരുന്നു. സന്ദർശകരും വ്യാപാരികളും സമീപത്തുള്ള റസ്റ്റാറന്റുകളിലോ കഫേകളിലോ ലഭ്യമായ സൗകര്യങ്ങളാണ് ഉപയോഗിച്ചിരുന്നത്.
ഈ പ്രശ്നം ഗൗരവമായി എടുത്ത് പൊതു ടോയ്ലറ്റുകൾ അടിയന്തരമായി കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു. പാർക്കിങ് സൗകര്യത്തിന്റെ അപര്യാപ്തതയും ജനപ്രതിനിധികളടക്കം ചൂണ്ടിക്കാണിച്ചിരുന്നു. ഈ പ്രശ്നവും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പരിഹരിക്കും.
പ്രദേശത്ത് ഉടൻ തന്നെ ബഹുനില കാർ പാർക്കിങ് കേന്ദ്രം സ്ഥാപിക്കുമെന്ന് വർക്സ് മിനിസ്ട്രി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി കാദെം അബ്ദുല്ലത്തീഫ് കൗൺസിലർമാരോട് പറഞ്ഞു. പ്രായമായവരെയും അംഗപരിമിതരെയും പരിഗണിച്ചായിരിക്കും വികസന പദ്ധതികൾ നടപ്പാക്കുക. ശൈഖ് ഹമദ് അവന്യൂവിന്റെ വിപുലീകരണമായ ശൈഖ് അബ്ദുല്ല അവന്യൂവും നവീകരണ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നുണ്ട്.
സൂഖിന് കുറഞ്ഞത് 240 വർഷം പഴക്കമുണ്ടെന്നാണ് ബഹ്റൈൻ ചരിത്രകാരനായ ഹുസൈൻ അൽ മഹ്ദിയുടെ അഭിപ്രായം. മനാമക്കുമുമ്പ് മുഹറഖായിരുന്നു രാജ്യ തലസ്ഥാനം. ജിദ്ദ, ബസ്ര തുടങ്ങിയവക്കൊപ്പം മുഹറഖും പ്രധാന വ്യാപാര തുറമുഖമായിരുന്നുവെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്.
പ്രദേശം ചരിത്രസ്മാരകമെന്ന നിലയിൽ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ യഥാർഥ മൂല്യം അർഹിക്കുന്ന രീതിയിലല്ല ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം പറയുന്നു. പുതിയ നവീകരണ പരിപാടികൾ ചരിത്രപരമായ പാരമ്പര്യത്തിന്റെ സംരക്ഷണത്തിലൂന്നിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുനെസ്കോ അംഗീകരിച്ച ചരിത്രസ്മാരകമായ പേളിങ് പാത്ത് അടക്കം ഇവിടെയാണ്. പുരാതനമായ കെട്ടിടങ്ങൾ അതേ പടി നിലനിർത്തിയിട്ടുണ്ട്. ഇവയൊക്കെ വേണ്ടവിധം സംരക്ഷിച്ചായിരിക്കും വികസന പ്രവർത്തനങ്ങൾ.
കടകൾ അടക്കാതെയും വ്യാപാരത്തെ ബാധിക്കാതെയുമായിരിക്കും നിർമാണപ്രവൃത്തികൾ. അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ വ്യാപാരികൾക്ക് കുറച്ച് അസൗകര്യങ്ങൾ വരുന്നത് സ്വാഭാവികമാണ്. എന്നാൽ, ഭാവിയിൽ എല്ലാവർക്കും അത് ഗുണകരമാകുമെന്നും മുഹറഖ് മുൻസിപ്പൽ കൗൺസിൽ ആക്ടിങ് ചെയർമാൻ സലേ ബുഹാസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.