മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചാരണത്തിന് തുടക്കമായി
text_fieldsമനാമ: മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താമത് സംസ്ഥാന സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾക്ക് ബഹ്റൈനിൽ തുടക്കംകുറിച്ചു. 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' പ്രമേയം ഉയർത്തിപ്പിടിച്ച് ഡിസംബർ 29 മുതൽ ജനുവരി ഒന്നു വരെ കോഴിക്കോട് സ്വപ്നനഗരിയിലാണ് സമ്മേളനം നടക്കുന്നത്. ബഹ്റൈനിലെ പ്രചാരണ ഉദ്ഘാടനം മനാമ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു. കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി പ്രമേയം വിശദീകരിച്ചു.
സമ്മേളന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിലെ വിവിധ സംഘടന പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, മതനേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കുന്ന സൗഹൃദസംഗമം വെള്ളിയാഴ്ച സഗയ്യ റസ്റ്റാറന്റിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മതവും മതവിശ്വാസവും ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുകയും മതത്തിന്റെ പേരിൽ സംഘർഷവും ശത്രുതയും സൃഷ്ടിക്കാൻ പലരും ശ്രമിക്കുകയും ചെയ്യുന്ന കാലത്ത് ഈ പ്രമേയത്തിലൂടെ ഐക്യത്തിന്റെയും ഒരുമയുടെയും ശക്തമായ സന്ദേശമാണ് സമൂഹത്തിന് പകർന്നുനൽകാൻ ഉദ്ദേശിക്കുന്നതെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
ആത്മീയതയുടെ മറവിൽ നടക്കുന്ന അന്ധവിശ്വാസങ്ങളിൽനിന്നും ജീർണതകളിൽനിന്നും മോചിതരാകണമെങ്കിൽ വിശ്വാസികൾ നിർഭയരായിരിക്കേണ്ടതുണ്ട്. ചൂഷണമുക്തമായ മതസമൂഹത്തെ സൃഷ്ടിക്കാൻ ശക്തമായ ബോധവത്കരണം ആവശ്യമാണ്. അഭിമാനപൂർവം നാം എടുത്തുപറഞ്ഞിരുന്ന നമ്മുടെ നാടിന്റെ മതേതരത്വം തകർക്കാനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും വർഗീയ, തീവ്രവാദ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ അന്തസ്സും പൈതൃകവും തകർക്കുന്നതോടൊപ്പം സമാധാനപൂർണമായ ജീവിതത്തെക്കൂടിയാണ് ഇത്തരം ശക്തികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഒരിക്കലും ഒരു നാടിനെ പുരോഗതിയിലേക്ക് നയിക്കാൻ ആവില്ല. ഈയൊരു സാഹചര്യത്തിലാണ് 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയം സമ്മേളനം ചർച്ചക്കെടുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പത്താമത് സംസ്ഥാന സമ്മേളനത്തിൽ ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം എന്നിവക്കു പുറമേ ആദർശ സമ്മേളനം, വിദ്യാർഥി-യുവജന സമ്മേളനം, വനിത സമ്മേളനം, ലഹരിവിരുദ്ധ സമ്മേളനം, ഭിന്നശേഷി സമ്മേളനം, മതസൗഹാർദ സമ്മേളനം തുടങ്ങിയവ നടക്കും. മുന്നൂറോളം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. ലോകപ്രശസ്ത പണ്ഡിതന്മാരും ഇന്ത്യയിലെ മത, രാഷ്ട്രീയ, സാമൂഹിക, മാധ്യമ മേഖലകളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.വാർത്തസമ്മേളനത്തിൽ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി, അൽ ഫുർഖാൻ സെന്റർ ആക്ടിങ് പ്രസിഡന്റ് മൂസ സുല്ലമി, ജനറൽ സെക്രട്ടറി സുഹൈൽ മേലടി, അഡ്വൈസർ അബ്ദുൽ മജീദ് തെരുവത്ത് (കുറ്റ്യാടി), പി.പി. നൗഷാദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.