വിദ്യാലയങ്ങളിൽ പാർക്കിങ് സൗകര്യവുമായി മുനിസിപ്പാലിറ്റി
text_fieldsമനാമ: മുഹറഖ് പരിസരങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ പാർക്കിങ് സൗകര്യവുമായി മുനിസിപ്പാലിറ്റി. പ്രദേശത്ത് പാർക്കിങ് ലഭ്യത കുറവായത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ മുനിസിപ്പൽ കൗൺസിൽ സ്കൂളുകളുടെ സ്ഥലങ്ങളും പാർക്കിങ് ഏരിയകളും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനുള്ള നിർദേശം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. തിരഞ്ഞെടുത്ത സ്കൂളുകളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക.
ഇതുപോലുള്ള അത്യാവശ്യ സാഹചര്യങ്ങളിൽ സ്കൂൾ കാമ്പസുകളെ പൊതുജനാവശ്യങ്ങൾക്കായി അനുവദിക്കുന്ന ആശയത്തെ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ സ്വാഗതം ചെയ്തു. എന്നാൽ ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പൊതുപരിപാടികൾ നടക്കുന്ന സാഹചര്യത്തിലും ആഘോഷങ്ങളുടെ സമയത്തും മുഹറഖ് പരിസരങ്ങളിൽ അനിയന്ത്രിതമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറ്. നേരത്തെ പല മാർഗങ്ങളും നിർദേശിച്ചിരുന്നുവെങ്കിലും ഒന്നും വേണ്ട രീതിയിൽ ഉപകാരപ്പെട്ടിരുന്നില്ല. നിലവിൽ സ്കൂൾ വിട്ടതിന് ശേഷവും ക്ലാസുകൾ ഇല്ലാത്ത സമയങ്ങളിലുമാണ് പാർക്കിങ് അനുവദിക്കുക. കൂടാതെ അർധ രാത്രിയിൽ തന്നെ വാഹനങ്ങൾ മാറ്റുകയും വേണം. രാവിലെ സ്കൂളിലേക്കെത്തുന്ന വാഹനങ്ങൾ സ്കൂൾ ബസുകൾ എന്നിവർക്ക് ബുദ്ധിമുട്ടാകരുതെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ നിർദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.