37 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് മുരളി ഗോപി
text_fieldsമനാമ: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട ബഹ്റൈൻ പ്രവാസജീവിതത്തിന് വിരാമമിടുകയാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി മുരളി ഗോപി (63). 37 വർഷം ഒരേ കമ്പനിയിൽ ജോലി ചെയ്ത് പൂർണ സംതൃപ്തിയോടെയാണ് ഇദ്ദേഹം നാട്ടിലേക്കു മടങ്ങുന്നത്.
യൂനിവേഴ്സൽ ഫുഡ് ഫാക്ടറിയിൽ സൂപ്പർവൈസറായ മുരളി ഗോപി 1984 ജനുവരി രണ്ടിനാണ് ബഹ്റൈനിൽ എത്തിയത്. അന്ന് യൂനിവേഴ്സൽ കെമിക്കൽ എന്ന പേരിലാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. ഇവിടെ ജോലി ചെയ്തിരുന്ന നാട്ടുകാരൻ മുഖേനയാണ് മുരളി ഗോപി ബഹ്റൈനിൽ എത്തിയത്. സെയിൽസ്മാനായാണ് തുടക്കത്തിൽ ജോലിയിൽ പ്രവേശിച്ചത്.
രണ്ടു വർഷം കഴിഞ്ഞാണ് കമ്പനി യൂനിവേഴ്സൽ ഫുഡ് ഫാക്ടറി എന്ന പേരിലേക്ക് മാറിയത്. ബഹ്റൈനിലെ പ്രവാസജീവിതം സന്തോഷകരമായ അനുഭവങ്ങളാണ് നൽകിയതെന്ന് മുരളി ഗോപി പറയുന്നു.
കമ്പനിയിലെ സഹപ്രവർത്തകരിൽനിന്നും മേലുദ്യോഗസ്ഥരിൽനിന്നും മികച്ച സഹകരണവും പ്രോത്സാഹനവും ലഭിച്ചു. കമ്പനിയുടെ വളർച്ചയിൽ പങ്കാളിയാകാൻ കഴിഞ്ഞതിലും ഇദ്ദേഹം സന്തുഷ്ടനാണ്. ഭാര്യ മഹിളാമണിയും ഇദ്ദേഹത്തോടൊപ്പം ബഹ്റൈനിലുണ്ട്. രണ്ടു മക്കളാണ് ഇവർക്കുള്ളത്.
ദീർഘകാലം ജീവിച്ച നാടിനോട് വിടപറഞ്ഞ് ബുധനാഴ്ച രാവിലെ ഇദ്ദേഹം നാട്ടിലേക്കു മടങ്ങും. കഴിഞ്ഞ ദിവസങ്ങളിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.