പുതുമഴപോലെ സംഗീതം; മധുമയമായ് സിങ് ആൻഡ് വിൻ
text_fieldsഎം.ജി. ശ്രീകുമാറിന്റെ മധുരിതഗാനങ്ങൾ വേദിയിൽ മുഴങ്ങിയപ്പോൾ താളമടിച്ചും ആർപ്പുവിളിച്ചും സദസ്സാകെയിളകി മറിഞ്ഞു
മനാമ: പവിഴദ്വീപിന്റെ പെരുന്നാൾ ആഘോഷങ്ങൾക്ക് വർണക്കാഴ്ചകൾ നൽകി മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റിൽ സംഗീത മഴ. ‘ഗൾഫ്മാധ്യമം’ സംഘടിപ്പിച്ച ‘സിങ് ആൻഡ് വിൻ’ മത്സര വേദിയാണ് ആസ്വാദക മനസ്സുകളെ കുളിരണിയിച്ചത്.
സിങ് ആൻഡ് വിൻ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ കാണാൻ ആസ്വാദകരുടെ വലിയ നിരയായിരുന്നു ലുലുവിൽ. അപേക്ഷിച്ച നൂറുകണക്കിന് മത്സരാർഥികളിൽനിന്ന് രണ്ടു റൗണ്ടുകളിലൂടെ കടന്നുവന്ന മികവുകളാണ് ഫിനാലെ വേദിയെ സമ്പുഷ്ടമാക്കിയത്. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 30 പേരാണ് ഫൈനൽ റൗണ്ടിൽ തങ്ങളുടെ മാസ്മരിക പ്രകടനം നടത്തിയത്.
‘സിംഗ് ആന്റ് വിൻ’ സീനിയർ ഫൈനൽ റൗണ്ടിലെത്തിയ മത്സരാർഥികൾ വിധികർത്താക്കൾക്കും സംഘാടകർക്കും ലുലു മാനേജ്മെന്റ് പ്രതിനിധികൾക്കുമൊപ്പം
എം.ജി. ശ്രീകുമാറിന്റെ മധുരിതഗാനങ്ങൾ വേദിയിൽ മുഴങ്ങിയപ്പോൾ താളമടിച്ചും ആർപ്പുവിളിച്ചും സദസ്സാകെയിളകി മറിഞ്ഞു. ബഹ്റൈനിലെ സംഗീതപ്രതിഭകളുടെ യഥാർഥ അരങ്ങേറ്റമായിരുന്നു അത്. പ്രതിഭകളുടെ സംഗമവേദി. സംഗീതയാത്രയിൽ ഉയരങ്ങളിലെത്തുമെന്ന പ്രഖ്യാപനം. മികച്ച നിലവാരം പുലർത്തിയ മത്സരത്തിലെ വിജയികളെ നിർണയിക്കുക വിധികർത്താക്കളെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരുന്നു.
വിവിധ ഫൺ ഗെയിമുകളിൽ പങ്കെടുത്ത് പ്രേക്ഷകരും സമ്മാനങ്ങൾ നേടി. ഗൾഫ് മാധ്യമം 25ാം വാർഷികത്തോടനുബന്ധിച്ച് 18ന് ഏഷ്യൻ സ്കൂൾ എ.പി.ജെ. അബ്ദുൽ കലാം ഹാളിൽ സംഘടിപ്പിക്കുന്ന ‘മധുമയമായ് പാടാം’ മെഗാ സംഗീത പരിപാടിയുടെ മുന്നോടിയായാണ് സിങ് ആൻഡ് വിൻ മത്സരം സംഘടിപ്പിച്ചത്. ‘മധുമയമായ് പാടാം’ സംഗീതനിശയുടെ ടിക്കറ്റുകൾക്ക് 34619565 എന്ന നമ്പറിൽ വിളിക്കാം.
എം.ജി. ശ്രീകുമാറിനോടൊപ്പം വൻതാരനിര തന്നെ പവിഴദ്വീപിലെത്തും. വിധു പ്രതാപ്, നിത്യ മാമ്മൻ, ലിബിൻ സഖറിയ, അസ്ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ, റഹ്മാൻ പത്തനാപുരം തുടങ്ങി നിരവധി പ്രതിഭകൾ. ഒപ്പം അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷും. വനേസ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.