നാനോ സാറ്റലൈറ്റ് വിക്ഷേപണം വിജയകരം
text_fieldsമനാമ: ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രമെഴുതി ബഹ്റൈൻ. യു.എ.ഇയും ബഹ്റൈനും സംയുക്തമായി നിർമിച്ച ലൈറ്റ്-1 എന്ന നാനോ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചതോടെ ഏറെക്കാലത്തെ ബഹ്റൈെൻറ സ്വപ്നമാണ് പൂവണിയുന്നത്.
ബഹ്റൈൻ സമയം ഉച്ചക്ക് ഒരുമണിക്ക് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽനിന്നാണ് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ഉപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശ നിലയം ലക്ഷ്യമാക്കി കുതിച്ചത്. ബഹ്റൈെൻറ ആദ്യ ഉപഗ്രഹമായ ലൈറ്റ്-1 വിക്ഷേപണത്തിന് മുമ്പ് ആവശ്യമായ എല്ലാ മുൻകരുതൽ പരിശോധനകളും പൂർത്തിയാക്കിയിരുന്നു. 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന ഉപഗ്രഹത്തെ അടുത്തഘട്ടത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ജപ്പാെൻറ പേടകത്തിൽനിന്ന് ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് ഉയർത്തും. അടുത്തവർഷം ആദ്യ പാദത്തിലായിരിക്കും ഇത് നിർവഹിക്കുക. ഇടിമിന്നലിൽനിന്നും മേഘങ്ങളിൽനിന്നുമുള്ള ഗാമ കിരണങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഉപഗ്രഹത്തിെൻറ ദൗത്യം.
അബൂദബിയിലെ ഖലീഫ യൂനിവേഴ്സിറ്റി, ലിത്വാനിയയിലെ വിൽനിയസ്, ഡെന്മാർക്കിലെ ആൽബോർഗ് എന്നീ കേന്ദ്രങ്ങളുമായാണ് ഉപഗ്രഹം വിവരവിനിമയം നടത്തുന്നത്.
ബഹിരാകാശ ഗവേഷണ രംഗത്തെ മുൻനിര രാജ്യങ്ങൾക്കൊപ്പം ബഹ്റൈനെ പ്രതിഷ്ഠിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇതെന്ന് നാഷനൽ സ്പേസ് സയൻസ് ചീഫ് എക്സി. ഓഫിസർ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീറി പറഞ്ഞു.
ലൈറ്റ്-1 ഒരു നാനോ സാറ്റലൈറ്റാണെങ്കിലും നിർമാണത്തിനും വിക്ഷേപിക്കാനും ആവശ്യമായ സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിേൻറയും കാര്യത്തിൽ മറ്റ് വലിയ ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യാസമില്ല. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ 'ദി ഫസ്റ്റ് ലൈറ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉപഗ്രഹത്തിന് ലൈറ്റ്-1 എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.
ബഹ്റൈനിെൻറ വളർച്ചയെയും ശാസ്ത്രപുരോഗതിയെയും പ്രതീകവത്കരിക്കുന്ന സംരംഭം എന്ന നിലയിലാണ് ഈ പേര് സ്വീകരിച്ചത്. യു.എ.ഇയിലെ ലാബുകളിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ, ഇമാറാത്തി എൻജിനീയർമാരും ശാസ്ത്രജ്ഞരും ചേർന്നാണ് പേടകം വികസിപ്പിച്ചത്. ഖലീഫ യൂനിവേഴ്സിറ്റി, അബൂദബി ന്യൂയോർക് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ഒമ്പതു ബഹ്റൈനികളും 14 ഇമാറാത്തികളും ഉൾപ്പെടെ 23 വിദ്യാർഥികളും നിർമാണത്തിൽ ഭാഗഭാക്കായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.