ഭരണാധികാരികൾക്കും ജനങ്ങൾക്കും ദേശീയ ദിനാശംസ
text_fieldsമനാമ: ബഹ്റൈൻ ദേശീയദിനമാഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും രാജ്യനിവാസികൾക്കും പ്രവാസി സമൂഹത്തിനും മന്ത്രിസഭ ആശംസകൾ നേർന്നു. കിരീടാവകാശിയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ രാജ്യം നേടിയെടുത്ത പുരോഗതിയും വളർച്ചയും വിവിധ മേഖലകളിലെ മുന്നേറ്റവും ചർച്ചചെയ്തു. ഹമദ് രാജാവിെൻറ ഭരണസാരഥ്യത്തിൽ രാജ്യം എല്ലാ മേഖലകളിലും വളർച്ച കൈവരിച്ചതായി വിലയിരുത്തി.
കുറഞ്ഞ വരുമാനക്കാരായ സ്വദേശി കുടുംബങ്ങൾക്ക് നൽകുന്ന സാമ്പത്തികസഹായം 10 ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. പാർലമെൻറും ശൂറാ കൗൺസിലും നേരത്തേ ഇത് ചർച്ച ചെയ്ത് പാസാക്കിയിരുന്നു. 40,000 വീടുകൾ നിർമിക്കാൻ ഹമദ് രാജാവ് പ്രഖ്യാപിച്ച പദ്ധതിയനുസരിച്ച് ഡിസംബർ അവസാനിക്കുന്നതിനുമുമ്പ് 2000 പാർപ്പിട യൂനിറ്റുകൾ അർഹരായവർക്ക് വിതരണം ചെയ്യാൻ പ്രധാനമന്ത്രി നിർദേശം നൽകി. ഈസ്റ്റ് സിത്ര, ഖലീഫ സിറ്റി, സൽമാൻ സിറ്റി, ഈസ്റ്റ് ഹിദ്ദ് സിറ്റി എന്നിവിടങ്ങളിലായാണ് ഇവ നൽകുക. കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രണ്ടു വാക്സിനുകളും ബൂസ്റ്റർ ഡോസും നൽകുന്നത് ശക്തമായി തുടരാൻ കാബിനറ്റ് നിർദേശിച്ചു. സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിെൻറ ബഹ്റൈൻ സന്ദർശനം വിജയകരമായിരുന്നെന്ന് മന്ത്രിസഭ വിലയിരുത്തി.
ഹമദ് രാജാവുമായി നടന്ന കൂടിക്കാഴ്ചയും ചർച്ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം രചിക്കുന്നതായിരുന്നു. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും സമാന നിലപാട് അഭിനന്ദനീയമാണെന്നും മേഖലയിലെ രാഷ്ട്രങ്ങൾ ഒന്നിച്ചുനീങ്ങുന്നതിന് ഇത് പ്രേരകമാവുമെന്ന് കരുതുന്നതായും കാബിനറ്റ് വിലയിരുത്തി. സൗദിയിലെ വിവിധ കമ്പനികളുടെ സഹകരണത്തോടെ അഞ്ചു ബില്യൺ ഡോളറിെൻറ നിക്ഷേപം ബഹ്റൈനിൽ നടത്തുന്നതിന് ധാരണയായതും നേട്ടമാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ അവാലിയിലെ ഔർ ലേഡി ഓഫ് അറേബ്യ ചർച്ച് ഉദ്ഘാടനം ചെയ്തത് രാജ്യത്തിെൻറ മതസഹിഷ്ണുതക്കും സഹവർത്തിത്വത്തിനും മാറ്റുകൂട്ടുന്നതായിരുന്നുവെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.
രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ പൊലീസ് വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ പൊലീസ് ദിനാചരണത്തിെൻറ പശ്ചാത്തലത്തിൽ കാബിനറ്റ് പ്രത്യേകം അഭിനന്ദിച്ചു. രക്തസാക്ഷിദിനാചരണ പശ്ചാത്തലത്തിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരെ അനുസ്മരിക്കുകയും അവരുടെ പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും ചെയ്തു. അമേരിക്കയിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ മരിച്ചവർക്ക് അനുശോചനം നേരുകയും അമേരിക്കൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.