നവകേരളയുടെ പെരുന്നാൾ സമ്മാനം; കാസിം നാട്ടിലെത്തി
text_fieldsമനാമ: ഒമ്പതു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ കഷ്ടപ്പെട്ടിരുന്ന കാഞ്ഞങ്ങാട് സ്വദേശി കാസിം സാമൂഹികപ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് നാട്ടിലെത്തി. ബഹ്റൈൻ നവകേരളയുടെ ഇടപെടലാണ് ഗുദൈബിയയിൽ താമസിച്ചിരുന്ന കാഞ്ഞങ്ങാട് സ്വദേശി കാസിം ചേരാമാടത്തിന് തുണയായത്. പെരുന്നാൾദിനത്തിൽ അദ്ദേഹം നാട്ടിലേക്കു വിമാനം കയറി.
ഒരു മാസം മുമ്പാണ് കാസിമിന്റെ ദുരവസ്ഥ നവകേരള ചാരിറ്റി കൺവീനർ എം.സി. പവിത്രൻ അറിഞ്ഞത്. ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടിലായിരുന്നു. വിസയും സി.പി.ആറും ഇല്ലാത്തതിനാൽ ജോലി കിട്ടാത്ത അവസ്ഥയിലുമായിരുന്നു. ഡ്രൈവറായിരുന്ന കാസിമിന്റെ പാസ്പോർട്ട് കാർ ഉടമ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. നാലു മാസത്തെ കാർ റെൻറ് 400 ദീനാർ കൊടുക്കാനുണ്ടായിരുന്നു. ആ തുക കൊടുത്താൽ മാത്രമേ പാസ്പോർട്ട് തിരിച്ചുതരൂ എന്നാണ് ഉടമ പറഞ്ഞിരുന്നത്. ഐ.സി.ആർ.എഫ് മെംബർ സി.കെ. രാജീവന്റെ സഹായത്തോടെ സൽമാബാദിലെ ഗാരേജിൽ എത്തിയ എം.സി. പവിത്രൻ കാറുടമയെ കണ്ടെത്തിയത് വളരെ ബുദ്ധിമുട്ടിയാണ്.
പേര് പറയാൻ ആഗ്രഹിക്കാത്ത വടകരക്കാരൻ നൽകിയ തുക കൊടുത്ത് പാസ്പോർട്ട് തിരികെ വാങ്ങി. ഒമ്പതു വർഷമായി വിസയില്ലാത്ത പാസ്പോർട്ട് കാൻസൽ ചെയ്യാൻ വേണ്ട സഹായം കെ.എം.സി.സി കാസർകോട് ജില്ല സെക്രട്ടറി ഹുസൈനും കമ്മിറ്റി മെംബർമാരും നൽകി. ടിക്കറ്റ് കാസിമിന്റെ അനുജൻ നാട്ടിൽനിന്ന് അയച്ചു. റമദാൻ പുണ്യമാസത്തിൽ കാസിമിനുവേണ്ടി സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി നവകേരള ചാരിറ്റി വിങ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.