നീറ്റ്: ഗൾഫിലെ പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം
text_fieldsമനാമ: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായി. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായി നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ഈ തീരുമാനമെടുത്തത്. ഇത്തവണ ഇന്ത്യയിലെ 554 നഗരങ്ങളിലായി 5000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചത്. ഇവയിൽ ഗൾഫ് ഉൾപ്പെടെ കേന്ദ്രങ്ങളുടെ പേരുകളില്ല.
കഴിഞ്ഞ വർഷം ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലായി ഒമ്പത് കേന്ദ്രങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാർഥികളാണ് കഴിഞ്ഞവർഷം പരീക്ഷയെഴുതിയത്. ബഹ്റൈനിൽ മനാമ പരീക്ഷ കേന്ദ്രമായിരുന്നു.
യു.എ.ഇയിൽ മാത്രം നാലും (ദുബൈയിൽ രണ്ട്, ഷാർജ, അബൂദബി), സൗദി (റിയാദ്), ഖത്തർ (ദോഹ), ഒമാൻ (മസ്കത്), കുവൈത്ത് (കുവൈത്ത് സിറ്റി) എന്നിങ്ങനെ പരീക്ഷ കേന്ദ്രങ്ങളുണ്ടായിരുന്നു. മേയ് അഞ്ചിന് നടക്കുന്ന പരീക്ഷക്ക് മാർച്ച് ഒമ്പതുവരെയാണ് അപേക്ഷിക്കാവുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ നാല് സെന്ററുകൾ ഓപ്ഷനായി വെക്കേണ്ടതുണ്ട്. നിലവിൽ വിദേശത്ത് സെന്ററില്ല എന്നത് കൊണ്ടുതന്നെ കുട്ടികൾ എവിടെ ഓപ്ഷൻ വെക്കുമെന്ന ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയിൽ നടന്ന യോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ ഈ വിഷയം ഉന്നയിച്ചിരുന്നു.
സെന്ററുകൾ നിർത്തലാക്കിയത് പുനഃപരിശോധിക്കണം -പ്രവാസി വെൽഫെയർ
മനാമ: ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പെടെ വിദേശ കേന്ദ്രങ്ങള്‍ ഒഴിവാക്കി ‘നീറ്റ്’ പരീക്ഷ നടത്താനുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ 554 നഗരങ്ങളിലെ അയ്യായിരത്തിലധികം പരീക്ഷ കേന്ദ്രങ്ങൾക്കൊപ്പം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും സെൻററുകൾ അനുവദിക്കുന്നതിലൂടെ പ്രവാസി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണം.
പ്രവാസലോകത്ത് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ഉപരിപഠനത്തിനും രാജ്യത്തെ മത്സരപരീക്ഷകളിൽ പങ്കെടുക്കാനും അതുവഴി മികവിന്റെ പര്യായങ്ങളായ ഉന്നത സർവകലാശാലകളിൽ പ്രവേശനം നേടാനും രാജ്യത്തിന്റെ സാമൂഹിക ഭരണ സേവന മേഖലകളിൽ പ്രാതിനിധ്യം ഉറപ്പുവരുത്താനും കഴിയേണ്ടതുണ്ട്. രാജ്യത്തിനകത്ത് 55 സെൻററുകൾ കൂട്ടിയപ്പോൾ രാജ്യത്തിനു പുറത്ത് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ രാജ്യങ്ങളിൽ നീറ്റ് സെൻററുകൾ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്രമന്ത്രിക്ക് പരാതി നൽകി
മനാമ: ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പെടെ വിദേശകേന്ദ്രങ്ങള് ഒഴിവാക്കി ‘നീറ്റ്’ പരീക്ഷ നടത്താനുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹ്യുമാനിറ്റേറിയൻ എയ്ഡ് ജി.സി.സി ഡയറക്ടർ സുധീർ തിരുനിലത്ത് കേന്ദ്ര വിദ്യാഭ്യാസ മാനവവിഭവശേഷി വികസന മന്ത്രി ധർമേന്ദ്ര പ്രധാന് പരാതി നൽകി. ആയിരക്കണക്കിന് വിദ്യാർഥികളെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ തീരുമാനമെന്ന് അദ്ദേഹം മന്ത്രിക്കയച്ച ഇമെയിൽ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
എക്സാം സെന്റർ വിദേശ രാജ്യങ്ങളിൽ അനുവദിക്കണം -ഐ.വൈ.സി.സി
മനാമ: ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് തിരിയുവാനുള്ള ചവിട്ടുപടിയായ നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ സെന്ററുകൾ ബഹ്റൈൻ അടക്കം വിദേശരാജ്യങ്ങളിൽ അനുവദിക്കണമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ആവശ്യപ്പെട്ടു.നീറ്റ്: ഗൾഫിലെ പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധംഫ് മേഖലയിൽ മാത്രം 5000 നു മേലെ കുട്ടികൾ പരീക്ഷയെഴുതിയിരുന്നു. ഇത്തവണ സെന്റർ അനുവദിക്കാത്തത് നിരവധി വിദ്യാർഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് എം.പിമാരുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഐ.വൈ.സി.സി നേതാക്കൾ പത്രക്കുറിപ്പിൽ പറഞ്ഞു.
പരീക്ഷ സെന്റർ അനുവദിക്കണം -മുഹറഖ് മലയാളി സമാജം
മനാമ: നീറ്റ് എൻട്രൻസ് പരീക്ഷ കേന്ദ്രം ഇത്തവണ ഇന്ത്യക്ക് പുറത്ത് അനുവദിക്കാത്തത് കുട്ടികളുടെ ഭാവി ആശങ്കയിലാക്കുന്നതാണ്. പരീക്ഷയെഴുതാൻ ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അവസരമില്ലാത്തതിനാൽ ആയിരക്കണക്കിന് വിദ്യാർഥികൾ ആശങ്കയിലാണ്. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ അധികാരികൾക്ക് പരാതി അയക്കുമെന്ന് ആക്റ്റിങ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, സെക്രട്ടറി രജീഷ് പി.സി, ട്രഷറർ ബാബു എം.കെ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.