പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ നിബന്ധനകൾ
text_fieldsമനാമ: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സർക്കാറിെൻറ പുതിയ നിർദേശം പ്രവാസികൾക്ക് അപ്രതീക്ഷിത ആഘാതമായി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് സർട്ടിഫിക്കറ്റാണ് വേണ്ടത്. ഇത് സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്ത് എയർപോർട്ടിൽ ഹാജരാക്കിയാൽ മാത്രമേ വിമാനത്തിൽ കയറാൻ അനുവദിക്കൂ. ഇതിന് പുറമെ, നാട്ടിലെത്തുന്ന വിമാനത്താവളത്തിൽവെച്ച് വീണ്ടും കോവിഡ് പരിശോധനക്ക് വിധേയരാകണം. ഇതിനുള്ള പണം യാത്രക്കാർ അടക്കണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
ഫെബ്രുവരി 22 മുതൽ പുതിയനിയമം പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികളുടെ യാത്ര ദുഷ്കരമാകും. ഇതുവരെ ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് പോകുന്നതിന് ഇത്തരം നിബന്ധനകളില്ലായിരുന്നു. സുവിധ വെബ്സൈറ്റിൽ നാട്ടിലെ വിലാസവും മറ്റ് വിവരങ്ങളും ചേർക്കുകയും ക്വാറൻറീനിൽ കഴിഞ്ഞുകൊള്ളാമെന്ന സത്യവാങ്മൂലം നൽകുകയും ചെയ്താൽ മതിയായിരുന്നു. നാട്ടിലെ വിമാനത്താവളത്തിലും കോവിഡ് പരിശോധന നിർബന്ധമായിരുന്നില്ല. ഇതിനാണ് ഇപ്പോൾ മാറ്റം വരുന്നത്.
കൊറോണ വൈറസിെൻറ പുതിയ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ അനിവാര്യമാണെങ്കിലും പ്രവാസികൾക്ക് മാത്രമേ ഇത്തരം നിയന്ത്രണങ്ങൾ ബാധകമാകുന്നുള്ളൂ എന്നാണ് പ്രവാസി സംഘടനാ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നത്. നാട്ടിൽ പല സ്ഥലങ്ങളിലും വൻ ആൾക്കൂട്ടമുള്ള പരിപാടികൾ അരങ്ങേറുേമ്പാഴാണ് പ്രവാസികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ചുമത്തുന്നതെന്നും അവർ പറയുന്നു.
ഹബീബ് റഹ്മാൻ, പ്രസിഡൻറ്, കെ.എം.സി.സി
ഗൾഫിൽ എല്ലാ കോവിഡ് മുൻകരുതലും പാലിച്ച് എത്തുന്ന പ്രവാസികളെ വീണ്ടും കഷ്ടപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. നാട്ടിൽ വലിയ ജാഥകളും മറ്റ് പരിപാടികളും ഒരു മുടക്കുവുമില്ലാതെ നടക്കുകയാണ്. ഇവിടെയൊന്നും സാമൂഹിക അകലം പാലിക്കുന്നില്ല. ജോലി നഷ്ടപ്പെട്ടും മറ്റ് പലവിധ പ്രയാസങ്ങൾ അനുഭവിച്ചും തിരിച്ചുപോകുന്ന പാവപ്പെട്ട പ്രവാസികൾക്ക് കോവിഡ് ടെസ്റ്റിനുള്ള ചെലവ് കൂടി താങ്ങാനാകില്ല. കോടികൾ ചെലവഴിച്ച് പത്രപ്പരസ്യങ്ങൾ നൽകുന്ന സർക്കാർ പ്രവാസികളുടെ പരിശോധന ഫീസ് ഒഴിവാക്കാനെങ്കിലും തയാറാകണം.
സുബൈർ കണ്ണൂർ, പ്രവാസി കമീഷൻ അംഗം
കോവിഡ് നിയന്ത്രണങ്ങൾ അനിവാര്യമാണെങ്കിലും പുതിയ നിബന്ധനകൾ പ്രവാസികൾക്ക് തിരിച്ചടിയാണ്. പെെട്ടന്നുള്ള യാത്രകൾക്ക് തുനിയുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്ന വ്യവസ്ഥ പ്രയാസം സൃഷ്ടിക്കും. നാട്ടിൽ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടിവരുന്നത് അധിക ബാധ്യതയാണ് വരുത്തുക. ഇൗ ചെലവ് വഹിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. കോവിഡ് വാക്സിൻ എടുത്തവർക്ക് ക്വാറൻറീൻ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അതിലും തീരുമാനമായിട്ടില്ല. അത്തരമൊരു തീരുമാനം വന്നാൽ പ്രവാസികൾക്ക് പ്രയോജനം ചെയ്യും.
ബിനു കുന്നന്താനം, ഒ.െഎ.സി.സി ദേശീയ പ്രസിഡൻറ്
പ്രവാസികൾക്കുമേൽ ചുമത്തിയ പുതിയ നിബന്ധനകളിൽ പ്രതിഷേധിക്കുന്നു. പാവപ്പെട്ടവർക്ക് ഇൗ തീരുമാനം പ്രയാസം സൃഷ്ടിക്കും. വിമാനം പുറപ്പെടാൻ വൈകുകയോ കോവിഡ് പരിശോധനയിൽ പോസിറ്റിവാകുകയോ ചെയ്താൽ ധനനഷ്ടവും നേരിടേണ്ടി വരും. അതിനാൽ, പുതിയ നിബന്ധനകൾ പിൻവലിക്കാൻ സർക്കാർ തയാറാകണം.
ജമാൽ ഇരിങ്ങൽ, പ്രസിഡൻറ്,ഫ്രൻഡ്സ് അസോസിയേഷൻ
പ്രവാസികളോട് നിഷേധാത്മക സമീപനമാണ് നാട്ടിലെ സർക്കാറുകൾ സ്വീകരിക്കുന്നത്. യാത്ര പുറപ്പെടുന്നതിനുമുമ്പ് 72 മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനയിൽ പോസിറ്റാവായാൽ വിമാന ടിക്കറ്റിെൻറ പണം നഷ്ടമാകും. മാത്രമല്ല, നാട്ടിലെ വിമാനത്താവളത്തിൽ വീണ്ടും ടെസ്റ്റ് ചെയ്യുന്നതിന് അധികതുക മുടക്കണം. പാവപ്പെട്ട പ്രവാസികൾക്കുമേൽ അമിതഭാരം ചുമത്തുകയാണ് ഇതുവഴി ചെയ്യുന്നത്. അതേസമയം, നാട്ടിൽ ഇത്തരം നിബന്ധനകൾ ഒന്നും പാലിക്കുന്നുമില്ല. വർഷങ്ങൾ കൂടി നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിൽനിന്ന് സർക്കാർ പിന്തിരിയണം.
തീരുമാനം പിൻവലിക്കണം –െഎ.വൈ.സി.സി
മനാമ: വിദേശത്തുനിന്ന് നാട്ടിൽ എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ തീരുമാനം പിൻവലിക്കണമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ആവശ്യപ്പെട്ടു. പ്രവാസികളെ ദുരിതത്തിൽ ആക്കുന്നതാണ് ഇൗ തീരുമാനം. കോവിഡ് വാക്സിൻ എടുത്തവർക്കും ടെസ്റ്റ് നടത്തണോ എന്നത് വ്യക്തമല്ല. നാട്ടിലെ വിമാനത്താവളങ്ങളിൽ പരിശോധന നടത്താനുള്ള സംവിധാനം നിർബന്ധമാക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ ചെയ്യുകയാണ് വേണ്ടത്. കോവിഡ് മൂലം വലിയ പ്രതിസന്ധിയിലൂടെയാണ് പ്രവാസ ലോകം കടന്നുപോകുന്നത്. ഇതു സംബന്ധിച്ച ഇടപെടൽ നടത്താൻ കേരളത്തിലെ എം.പിമാരുമായി ബന്ധപ്പെടുമെന്നും ഭാരവാഹികളായ അനസ് റഹിം, എബിയോൻ അഗസ്റ്റിൻ, നിതീഷ് ചന്ദ്രൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.