ബിരുദ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കാൻ പുതിയ സംവിധാനം
text_fieldsമനാമ: രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കാൻ ബഹ്റൈനിൽ പുതിയ സംവിധാനം ആവിഷ്കരിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾ തടയുകയും സർക്കാർ, സ്വകാര്യ മേഖലകളിലെ റിക്രൂട്ട്മെന്‍റ് നടപടികൾ വേഗത്തിലാക്കുകയുമാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾകാര്യ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് മുബാറക് ജുമ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യഥാർഥമാണെന്ന് ഉറപ്പുവരുത്തുന്ന ചുമതല രണ്ടു സ്വകാര്യ ഏജൻസികളെയാണ് ഏൽപിച്ചിരിക്കുന്നത്. അതേസമയം, ബഹ്റൈൻ യൂനിവേഴ്സിറ്റിയിൽനിന്നും ബഹ്റൈൻ പോളിടെക്നിക്കിൽനിന്നും പാസായവരെ ഈ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ സംവിധാനം ഉടൻതന്നെ പ്രാബല്യത്തിൽ വരുമെന്നും ഡോ. ജുമാ പറഞ്ഞു.
പുതിയ സംവിധാനമനുസരിച്ച്, ബഹ്റൈനിലെ സ്വകാര്യ യൂനിവേഴ്സിറ്റികളിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഇലക്ട്രോണിക് ലിങ്ക് വഴി ലഭ്യമാക്കുന്നതിന് മുമ്പ് അവർ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തും. തുടർന്ന് കൗൺസിൽ ഈ രേഖകൾ പരിശോധിച്ച് ഏജൻസികൾക്ക് നൽകും. സർട്ടിഫിക്കറ്റിലെ മാർക്കുകളും മറ്റു വിശദാംശങ്ങളും അവർ സൂക്ഷ്മപരിശോധന നടത്തിയശേഷമാണ് കൗൺസിലിന്റെ അംഗീകാരം ലഭിക്കുക.
വിദേശ യൂനിവേഴ്സിറ്റികളിൽനിന്ന് ലഭിച്ച ബിരുദത്തിന് ബഹ്റൈനിൽ തുല്യത സർട്ടിഫിക്കറ്റ് നേടണമെന്ന നിയമം ഒഴിവാക്കിയതായും ഡോ. ജുമാ പറഞ്ഞു. ഇനിമുതൽ, സർട്ടിഫിക്കറ്റിലെ പ്രധാന വിവരങ്ങൾ പരിശോധിക്കുക മാത്രമാണ് ഉന്നത വിദ്യഭ്യാസ കൗൺസിൽ ചെയ്യുക.
സർട്ടിഫിക്കറ്റുകൾ സൂക്ഷ്മപരിശോധന നടത്താൻ കൂടുതൽ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുമെന്നും ഡോ. ജുമ സൂചിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ ഒരു ഉദ്യോഗാർഥിയുടെ സർട്ടിഫിക്കറ്റ് സൂക്ഷ്മപരിശോധന നടത്തുന്നതിന് മാസങ്ങളെടുക്കുന്നുണ്ട്. നടപടിക്രമങ്ങൾ ലളിതമാക്കിയതുവഴി യുവജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ ജോലി കണ്ടെത്താൻ സാധിക്കും. സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് നിസ്സാരമായ ഫീസ് നൽകി ഈ സേവനം ലഭ്യമാക്കാവുന്നതാണ്. തങ്ങളുടെ സ്ഥാപനത്തിൽ ജോലി തേടുന്നവരും സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നവരും നൽകുന്ന സർട്ടിഫിക്കറ്റുകളുടെ സാധുത ഇതുവഴി പരിശോധിച്ചറിയാൻ സാധിക്കും. അതേസമയം, മെഡിസിൻ, എൻജിനീയറിങ് എന്നിവയുൾപ്പെടെ സ്പെഷലൈസ്ഡ് പ്രഫഷനുകളിൽ സർട്ടിഫിക്കറ്റുകളുടെ അന്തിമ അംഗീകാരം നൽകേണ്ടത് ബന്ധപ്പെട്ട മേഖലയിലെ അതോറിറ്റി ആയിരിക്കുമെന്ന് എൻജിനീയറിങ് പ്രഫഷനുകൾ നിയന്ത്രിക്കുന്നതിനുള്ള കൗൺസിൽ ചെയർമാൻ മറിയം അൽ ജമാൻ പറഞ്ഞു. ബഹ്റൈനിലെ സ്വകാര്യ യൂനിവേഴ്സിറ്റികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വകാര്യ ഏജൻസികൾ ഉന്നത വിദ്യഭ്യാസ കൗൺസിലുമായി സഹകരിച്ച് സൂക്ഷ്മ പരിശോധന നടത്തും. എന്നാൽ, വിദേശരാജ്യത്തെ യൂനിവേഴ്സിറ്റികളിൽനിന്നും കോളജുകളിൽനിന്നും ബിരുദം നേടുന്നവർ കോഴ്സിന് ആ രാജ്യത്ത് അംഗീകാരമുണ്ടെന്ന് തെളിയുക്കുന്ന രേഖ ഓൺലൈനായി സമർപ്പിക്കണം. യൂനിവേഴ്സിറ്റി നൽകുന്ന അംഗീകാര രേഖ ബഹ്റൈനിലെ ഏജൻസി സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്യും. എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം, അക്കാദമിക് അക്രഡിറ്റേഷനുള്ള നാഷനൽ കമ്മിറ്റിയുടെ പരിഗണനക്ക് സർട്ടിഫിക്കറ്റുകൾ അയക്കും. കമ്മിറ്റിയുടെ അന്വേഷണത്തിന് ശേഷമായിരിക്കും അന്തിമതീരുമാനം അറിയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.