പുതിയ യാത്ര നിബന്ധനകൾ സൗദി യാത്രക്കാർ പ്രതിസന്ധിയിൽ
text_fieldsമനാമ: ബഹ്റൈനിലെ പുതിയ യാത്ര നിയന്ത്രണങ്ങൾ ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന യാത്രക്കാർക്കും തിരിച്ചടിയാകുന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബഹ്റൈനിൽ റസിഡൻറ് വിസ ഉള്ളവർക്ക് മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്നാണ് പുതിയ തീരുമാനം. ഇതിന് പുറമേ, സൗദി അറേബ്യയിലെ പുതിയ കോവിഡ് വാക്സിൻ നിബന്ധനകൾ കാരണം നിരവധി യാത്രക്കാർക്ക് വ്യാഴാഴ്ച കോസ്വേ വഴി പോകാനും കഴിഞ്ഞില്ല.
ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് വെള്ളിയാഴ്ച പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് സന്ദർശക വിസക്കാർക്ക് ബഹ്റൈനിലേക്ക് വരാൻ കഴിയില്ല. നിലവിൽ ഒന്നര ലക്ഷം രൂപയോളം മുടക്കിയാണ് കേരളത്തിൽനിന്നുള്ള യാത്രക്കാർ ബഹ്റൈൻ വഴി സൗദിയിൽ എത്തുന്നത്.
ജോലി നഷ്ടമാകുമെന്ന സ്ഥിതിയിലുള്ളവരും വിസ കാലാവധി കഴിയുന്നവരും എത്ര തുക മുടക്കിയാണെങ്കിലും വരാൻ തയാറായി നിൽക്കുേമ്പാഴാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരുന്നത്. ബഹ്റൈനിൽ 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കിയാണ് യാത്രക്കാർ സൗദിയിലേക്ക് പോകുന്നത്. 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. ഇതിന് പുറമേയാണ്, വ്യാഴാഴ്ച മുതൽ സൗദിയിലേക്ക് പോകുന്ന യാത്രക്കാർ കോവിഡ് കുത്തിവെപ്പ് നടത്തിയിരിക്കണമെന്ന നിബന്ധനയും നടപ്പായത്.
ഇതോടെയാണ് കോസ്വേ വഴിയുള്ള പല യാത്രക്കാരും കുടുങ്ങി. കുത്തിവെപ്പ് നടത്താത്തവർക്ക് സൗദിയിൽ ഒഴാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ മതിയെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും കോസ്വേ വഴി പോകാനെത്തിയവരെ അധികൃതർ കടത്തിവിട്ടില്ല. സൗദി അംഗീകരിച്ച കോവിഡ് കുത്തിവെപ്പ് നടത്തിയവരെ മാത്രമേ കടത്തിവിടൂ എന്നാണ് അറിയിച്ചത്. അതേസമയം, സൗദിയിലേക്ക് വിമാന യാത്രക്ക് ഇൗ പ്രശ്നമില്ലെന്നും അറിയുന്നു.
മടങ്ങിവന്നവരുടെ കാര്യത്തിൽ ഇനി എന്ത് ചെയ്യുമെന്ന അനിശ്ചിതത്വവും ഉയർന്നിട്ടുണ്ട്. എന്നാൽ, ഇവർക്ക് പ്രശ്നമുണ്ടാകില്ലെന്നും ഉടൻതന്നെ അവർക്ക് സൗദിയിലേക്ക് പോകാൻ കഴിയുമെന്നുമാണ് ചില ട്രാവൽ ഏജൻറുമാർ പറയുന്നത്.
പക്ഷേ, ഇവർ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തേണ്ടിവരും. കൂടുതൽ ദിവസം ബഹ്റൈനിൽ തങ്ങുന്നതിനുള്ള അധിക ചെലവും വരും. സൗദിയിൽ എത്തിയാൽ ഒരാഴ്ച ക്വാറൻറീനിൽ കഴിയുന്നതിനുള്ള ചെലവും വഹിക്കണം. ഹോട്ടൽ താമസത്തിന് ചുരുങ്ങിയത് 240 ദിനാറെങ്കിലും ചെലവ് വരും. ചുരുക്കത്തിൽ ഇവർക്ക് സൗദിയിൽ എത്താനുള്ള ചെലവ് രണ്ട് ലക്ഷത്തിന് മുകളിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.