പുതുവത്സരാഘോഷം ജാഗ്രതതോടെ
text_fieldsമനാമ: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി പുതുവത്സരാഘോഷ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. രോഗികളുടെ എണ്ണം വർധിക്കാതിരിക്കാൻ എല്ലാവരും മുൻകരുതൽ പാലിക്കാൻ തയാറാകണം. എണ്ണം കൂടുന്നതിലും കുറയുന്നതിലും ഒാരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ കോവിഡ് വാക്സിനേഷൻ പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സ്റ്റോക്ക് അനുസരിച്ചാണ് രജിസ്റ്റർ ചെയ്യുന്നവർക്ക് വാക്സിൻ സ്വീകരിക്കാനുള്ള തീയതി നിശ്ചയിക്കുന്നത്. ആഗസ്റ്റ് മുതൽ 10 ലക്ഷം വാക്സിനാണ് ബഹ്റൈൻ ഒാർഡർ നൽകിയിട്ടുള്ളത്. വിവിധ കമ്പനികളിൽനിന്ന് വാക്സിന് ഒാർഡർ ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. പുതിയ ബാച്ച് വാക്സിൻ എത്തുന്ന കാര്യത്തിൽ കമ്പനികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 13 ദിവസം കൊണ്ട് 56,041 പേരാണ് ബഹ്റൈനിൽ വാക്സിൻ സ്വീകരിച്ചത്.
പ്രതിദിന കോവിഡ് പരിശോധനയിൽ കണ്ടെത്തുന്ന പുതിയ രോഗികളുടെ ശരാശരി ഡിസംബറിലെ ആദ്യ മൂന്ന് ആഴ്ചകളിൽ 1.5 ശതമാനമായിരുന്നു. എന്നാൽ, അതിനുശേഷം ഇത് 2.4 ശതമാനമായി ഉയർന്നു. ഡിസംബർ 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണത്തിൽ 34 ശതമാനം വർധനയാണുണ്ടായത്. എല്ലാവരും കുടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. ബന്ധപ്പെട്ട അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുത്. ഒത്തുചേരലുകൾ ഒരേ കുടുംബത്തിലുള്ളവരെയോ അടുത്ത സാമൂഹിക വൃത്തങ്ങളിലുള്ളവരെയോ മാത്രം പെങ്കടുപ്പിച്ചുകൊണ്ടാകണം. അടച്ചിട്ട ഹാളുകൾക്ക് പകരം തുറസ്സായ സ്ഥലങ്ങളിലായിരിക്കണം ഇത്തരം കൂടിച്ചേരലുകൾ നടത്തേണ്ടത്.
നിലവിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ 6078 കിടക്കകളാണുള്ളത്. ഇതിൽ 540 കിടക്കകളിലാണ് രോഗികളുള്ളത്. ലക്ഷണങ്ങളില്ലാത്തവർക്ക് വീട്ടുനിരീക്ഷണത്തിൽ കഴിയാമെന്ന സൗകര്യം ഉപയോഗപ്പെടുത്തിയത് 1474 രോഗികളാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.43 ശതമാനമാണ്. 0.38 ശതമാനമാണ് മരണനിരക്ക്.
പുതുവത്സരാഘോഷങ്ങളിൽ ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ലഫ്. കേണൽ മനാഫ് അൽ ഖത്താനിയും പറഞ്ഞു. നിലവിലെ രോഗികളിൽ 39 ശതമാനം പേർക്കും വൈറസ് ബാധയുണ്ടായത് ഡിസംബർ ഒന്നുമുതൽ ഡിസംബർ 28 വരെയുള്ള കാലയളവിൽ നടത്തിയ വലിയ കുടുംബ സംഗമങ്ങളിൽനിന്നാണ്. വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് ഇത് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ബഹ്റൈൻ അതിജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.