സ്വദേശിവത്കരണം; നിർദേശത്തിന് പാർലമെന്റിന്റെ അംഗീകാരം
text_fieldsമനാമ: പൊതുമേഖലയിലും സ്വകാര്യമേഖലയിലും സ്വദേശിവത്കരണത്തിനുള്ള നിർദേശം പാർലമെന്റിൽ അംഗീരിച്ച് എം.പിമാർ. രാജ്യം പ്രവാസിതൊഴിലാളികളെ ആശ്രയിക്കുന്നത് ക്രമാനുഗതമായി കുറക്കാനും ബഹ്റൈനി പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതുവഴി തൊഴിലില്ലായ്മ കുറക്കേണ്ടതിന്റെയും ആവശ്യകതകളെ ഉന്നയിച്ചായിരുന്നു എം.പിമാർ നിർദേശം മുന്നോട്ടുവെച്ചത്.
അവിദഗ്ധ പ്രവാസി തൊഴിലാളികൾക്ക് പകരം സെക്കൻഡറി സ്കൂൾ യോഗ്യതയുള്ള ബഹ്റൈനി തൊഴിലന്വേഷകരെ നിയമിക്കണമെന്ന ആവശ്യവുമായിരുന്നു എം.പിമാരുടേത്. സ്വകാര്യവത്കരണത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടിയ എം.പി മുനീർ സുറൂർ, 6000ത്തിലധികം പൗരന്മാർ നിലവിൽ രാജ്യത്ത് തൊഴിൽ അന്വേഷിക്കുന്നുണ്ടെന്നും എന്നാൽ, കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള പല മേഖലകളിലും വിദേശി തൊഴിലാളികളാണ് ജോലി ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി. ഈ അവസ്ഥക്ക് സർക്കാർ നടപടികളിലൂടെത്തന്നെ മാറ്റം കാണണമെന്നും മുനീർ സുറൂർ പറഞ്ഞു.
വൈദഗ്ധ്യമില്ലാത്തതും അർധ വൈദഗ്ധ്യമുള്ളതുമായ ജോലികളിൽ വിദേശ തൊഴിലാളികളെ മാറ്റി സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശം പ്രധാനമായും ലക്ഷ്യംവെച്ചത്. സർക്കാർ ഏജൻസികൾതന്നെ സ്വകാര്യ മേഖലകളുമായി സഹകരിച്ച് തൊഴിൽ അന്വേഷകർക്ക് ലഭ്യമായ തസ്തികകളിലേക്കുള്ള പരിശീലനം നൽകണമെന്നും നിർദേശം മുന്നോട്ടുവെക്കുന്നു. ഒരു ജോലിയിൽ വിദേശികളെ പരിഗണിക്കുന്നതിനു മുമ്പ് സ്വദേശികൾക്ക് യോഗ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്നും വിദഗ്ധരല്ലാത്ത പ്രവാസികളുടെ തൊഴിൽ വിസ പുതുക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ കർശന നിബന്ധനകൾ നടപ്പാക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
അത്യാവശ്യ സേവന മേഖലകളിൽ ബഹ്റൈൻ പൗരന്മാർക്ക് തൊഴിൽ ലഭിക്കുന്നതിന് മുൻഗണന ഉറപ്പുവരുത്തുന്നതിലൂടെ യുവജന തൊഴിലില്ലായ്മ കുറക്കുക, വർധിച്ചുവരുന്ന വിദേശതൊഴിലാളികളുടെ എണ്ണം തടയുന്നതോടൊപ്പം തൊഴിൽ മേഖലയിലെ അവരുടെ വ്യാപനത്തെ കുറക്കുക, സാമ്പത്തിക തകർച്ചയെ തടയുക എന്നീ ലക്ഷ്യങ്ങളും നിർദേശത്തിലൂടെ എം.പിമാർ മുന്നോട്ടുവെക്കുന്നു. ബഹ്റൈനികൾക്ക് മുൻഗണന നൽകുന്ന തരത്തിൽ സർക്കാർ സ്ഥാപനങ്ങളിലെ നിയമന പ്രക്രിയ ഇതിനകംതന്നെ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് സിവിൽ സർവിസ് കമീഷൻ പ്രസിഡന്റ് ശൈഖ് ദൈജ് ബിൻ സൽമാൻ അൽ ഖലീഫ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പൊതുസ്ഥാപനങ്ങളിൽ വിദേശ അപേക്ഷകരെ പരിഗണിക്കുന്നതിന് മുമ്പ് യോഗ്യരായ ബഹ്റൈൻ ഉദ്യോഗാർഥികൾക്ക് പരിഗണന നൽകുമെന്നും യോഗ്യതയുള്ള ബഹ്റൈൻ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്തപ്പോൾ മാത്രമേ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവാദമുള്ളൂവെന്നും ദൈജ് ബിൻ സൽമാൻ അറിയിച്ചു. നിർദേശം അവലോകനത്തിനും തുടർ അനുമതികൾക്കുമായി മന്ത്രിസഭയിലേക്ക് അയച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.