പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsപ്രവാസി ലീഗൽ സെൽ പ്രവർത്തകർ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
ഡോ. കെ. വാസുകിയുമായി കൂടിക്കാഴ്ചക്കിടെ
മനാമ: പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ നവംബർ 26ന് നടന്ന കൂടിക്കാഴ്ചയുടെ തുടർ നടപടികളുടെ ഭാഗമായിരുന്നു കഴിഞ്ഞദിവസത്തെ മീറ്റിങ്. നോർക്ക റൂട്ട്സും പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ഏകദേശം 25 വിഷയങ്ങളിൽ പ്രവാസി ലീഗൽ സെൽ കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച.
ഉന്നയിച്ച നിരവധി വിഷയങ്ങളിൽ പലതിലും ഗുണപരമായ സമീപനമാണ് നോർക്ക സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തത്ത്വത്തിൽ പ്രാഥമികമായി അംഗീകരിച്ചതിൽ ചിലത് താഴെപ്പറയുന്നു:
1. നോർക്ക റൂട്ട്സിലും ക്ഷേമനിധി ബോർഡിലും കരാർ അടിസ്ഥാനത്തിലും താൽക്കാലികാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളിൽ നിശ്ചിത ശതമാനം അർഹരായ പ്രവാസികൾക്ക് സംവരണം ചെയ്യാവുന്നതാണ്.
2. നോർക്ക റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും പ്രവാസികളുടെ ബന്ധപ്പെട്ട തർക്കപരിഹാര സെൽ രൂപവത്കരിക്കാവുന്നതാണ്.
3. പബ്ലിക് -പ്രൈവറ്റ് പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ മടങ്ങിവരുന്ന പ്രവാസികൾക്കുവേണ്ടി എല്ലാ ജില്ലകളിലും കെയർ ഹോമുകളും പ്രവാസി സ്പെഷാലിറ്റി ആശുപത്രികളും രൂപവത്കരിക്കാവുന്നതാണ്. പ്രവാസി ഹോമുകൾ നിർമിക്കുന്നതിന്റെ ആദ്യപടിയായി മാവേലിക്കരയിൽ ആദ്യ സംരംഭം ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി മീറ്റിങ്ങിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കൊളശ്ശേരി പറഞ്ഞു.
4. ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനം അതിവേഗം നടക്കുന്നതായി ക്ഷേമനിധി ബോർഡ് സി.ഇ.ഒ ഗീതാലക്ഷ്മി എം.ബി പറഞ്ഞു.
5. എൻ.ആർ.ഐ കമീഷൻ ചെയർമാനെ ഉടനെ നിയമിക്കുന്നതാണ്. ബന്ധപ്പെട്ട ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
6. നോർക്ക റൂട്ട്സിന്റെ സാന്ത്വന/ കാരുണ്യ പദ്ധതികൾക്ക് അർഹരാവുന്നതിനുള്ള വരുമാനപരിധി ഉയർത്തുന്നകാര്യം പരിഗണിക്കും (ഇപ്പോൾ ഒന്നര ലക്ഷം രൂപയാണ് വാർഷിക വരുമാന പരിധി).
7. നിലവിലുള്ള ഇൻവാലിഡ് പെൻഷന്റെ നിർവചനം വിപുലീകരിച്ച് തീരാവ്യാധികളും ഗുരുതര രോഗങ്ങൾ ബാധിച്ചവരെയും ഉൾപ്പെടുത്താവുന്നതാണ്.
8. ഓൺലൈൻ പണമടക്കുന്നതിന് ഇപ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടിന് പരിഹാരമായി ബാങ്ക് ഓഫ് ബറോഡക്ക് പുറമെ കൂടുതൽ ബാങ്കുകളെക്കൂടി ഉൾപ്പെടുത്തും.
പ്രവാസി ലീഗൽ സെൽ കൊടുത്ത നിവേദനങ്ങൾ ആഭ്യന്തരമായി ചർച്ച ചെയ്തതിനുശേഷം നയപരമായ തീരുമാനം ആവശ്യമുള്ളവ മന്ത്രിസഭയുടെ പരിഗണനക്ക് വെക്കാമെന്നും നോർക്ക സെക്രട്ടറി പറഞ്ഞു. നിവേദനങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ തുടർ ചർച്ചകൾ നടത്താമെന്നും ഡോ. വാസുകി പറഞ്ഞു.
നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്ക് പുറമെ നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കൊളശ്ശേരി, ക്ഷേമനിധി ബോർഡ് സി.ഇ.ഒ ഗീതാലക്ഷ്മി എം.ബി, നോർക്ക റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും മറ്റു നിരവധി ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തിരുന്നു. പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധാനം ചെയ്ത് അഡ്വ. ആർ. മുരളീധരൻ, ഷീബ രാമചന്ദ്രൻ (എറണാകുളം), ബെന്നി പേരികിലാത്തു (ഇടുക്കി), ബഷീർ പാണ്ടിക്കാട് (മലപ്പുറം), ലാൽജി ജോർജ് (കോട്ടയം), ഷെരിഫ് കൊട്ടാരക്കര (കൊല്ലം), ശ്രീകുമാർ, ജിഹാംഗിർ, അനിൽ അളകാപുരി, നിയാസ്, റഷീദ് കോട്ടൂർ, റോഷൻ പുത്തൻപറമ്പിൽ, നന്ദഗോപകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.