ഹമദ് ടൗണിലെ പുതിയ സെൻട്രൽ മാർക്കറ്റ് പദ്ധതി; താൽക്കാലികമായി നിർത്തിവെച്ചു
text_fieldsമനാമ: ബഹ്റൈനിലെ പ്രസിദ്ധ നഗരമായ ഹമദ് ടൗൺ പുതിയ സെൻട്രൽ മാർക്കറ്റ് പദ്ധതി താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ ടെൻഡറെടുത്ത നിക്ഷേപകൻ പിന്മാറിയതിനെതുടർന്നാണ് നിർത്തിവെച്ചത്. 5000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന മാർക്കറ്റിന്റെ ആകെ നിർമാണച്ചെലവ് 3.5 ദശലക്ഷം ദീനാറാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ പൂർത്തിയാകേണ്ട പദ്ധതിയാണ് പാതിവഴിലായത്.
മികച്ച സൗകര്യങ്ങളുൾപ്പെട്ട പരമ്പരാഗത ശൈലിയിൽ ഒരു മാർക്കറ്റ് ഒരുക്കാനായിരുന്നു പദ്ധതി. മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങി അവശ്യ സാധനങ്ങളുടെ വിശാലമായ മാർക്കറ്റും കൂടാതെ 80 സ്റ്റാളുകൾ, കിയോസ്കുകൾ, ഗ്രീൻ സ്പെയ്സുകൾ, അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം, ഹൈപ്പർ മാർക്കറ്റ് എന്നിവ ഉൾപ്പെടുന്ന ഒരു ബൃഹത് പദ്ധതിയാണ് ഹമദ് ടൗൺ സെൻട്രൽ മാർക്കറ്റ് പദ്ധതി.
പദ്ധതി താൽക്കാലികമായി ഉപേക്ഷിച്ചതായി മുനിസിപ്പൽ കൗൺസിൽ സർവിസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാനും ഏരിയ കൗൺസിലറുമായ അബ്ദുല്ല അൽ തവാദിയാണ് സ്ഥിരീകരിച്ചത്. പദ്ധതി തുടരുന്നതിനും പൂർത്തിയാക്കുന്നതിനും പുതിയ നിക്ഷേപകരെ തേടാനായി പുതിയ ടെൻഡർ നൽകണമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷിമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും തവാദി പറഞ്ഞു.
ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും പ്രാദേശിക വ്യാപാരികളെയും മറ്റ് കച്ചവടക്കാരെയും പിന്തുണക്കുന്നതിനുമായി ഹമദ് ടൗണിന് ഈ പദ്ധതി അത്യാവശ്യമാണെന്നും അതുകൊണ്ട് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ ഏറ്റവും പഴക്കമുള്ള മാർക്കറ്റുകളിലൊന്ന് എന്ന നിലക്ക് ആ ഗരിമയും പ്രൗഢിയും നിലനിർത്താൻ വ്യാപാരികൾ ഇപ്പോഴും ശ്രദ്ധിക്കുന്നു. 22 റൗണ്ട് എബൗട്ടുകളായി വികസിച്ച ഹമദ് ടൗണിനെ രാജ്യത്താകമാനം ഇപ്പോഴും ശ്രദ്ധേയമാക്കുന്നത് വ്യാപാരത്തിൽ നിലനിർത്തുന്ന വിശ്വാസ്യതയും പാരമ്പര്യവുമാണ്.
പരമ്പരാഗത വ്യാപാരസ്ഥാപനങ്ങൾ മാത്രമല്ല, ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ നവീനമായ ബിസിനസ് ഏരിയകളും ഹമദ് ടൗണിനെ സമ്പന്നമാക്കുന്നു. അതുതന്നെയാണ് ഹമദ് ടൗണിനെ ബഹ്റൈനിലെ വ്യാപാരകേന്ദ്രങ്ങളുടെ നിരയിൽ തലയുയർത്തി നിൽക്കാൻ ഇന്നും സഹായിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.